
ഇടുക്കി രാജാക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ അഞ്ചു കോടി അനുവദിച്ചാണ് കെട്ടിട സമുച്ചയത്തിന്‍റെ നിർമാണം നടത്തുന്നത്. എന്നാൽ ജോലികൾ മനന്ദഗതിയിലായതോടെ കെട്ടിടം പൂർത്തിയാക്കാൻ ഇനിയും കാലങ്ങളോളം എടുക്കുമെന്ന സ്ഥിതിയാണ്.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എം.എം മണിയാണ് രാജാക്കാട് പഞ്ചായത്ത് ഓഫീസിന് തറക്കല്ലിട്ടത്. 2021ൽ കരാർ ഉണ്ടാക്കി നിർമാണം തുടങ്ങിയ ഓഫീസിൻ്റെ ഒരു നില മാത്രമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. നിർമാണം തുടങ്ങി 2023 വരെ ഒരു നിലപോലും പൂർത്തിയാക്കാനായില്ല. കെട്ടിടം വാർക്കാനായി കെട്ടിയ കമ്പികൾ മുഴുവനും തുരുമ്പെടുത്തുപോയിരുന്നു.അതു പോലും മാറ്റാതെയാണ് ഇപ്പോൾ കോൺക്രീറ്റ് നടത്തിയത്. ഇതിന് ശേഷം കെട്ടിട നിർമാണം വീണ്ടും ഇഴയുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
Read More : ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖയും പുറത്തിറക്കും
2011 മുതൽ രാജാക്കാട് പള്ളിവക വാടക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നു വർഷം കഴിയുമ്പോഴും നിർമ്മാണം പാതിവഴിയിലെത്തിയതേയുള്ളു. ചെമ്മണ്ണാർ സ്വദേശിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണം പൂർത്തിയാക്കിയവയുടെ ബിൽ മാറി ലഭിക്കാത്തതും കാലാവസ്ഥ വ്യതിയാനവുമാണ് നിർമ്മാണ ജോലികൾ വൈകാൻ കാരണമെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നൽകുന്ന വിശദീകരണം.
രണ്ട് നിലകളിലായി ഓഫീസ് സമുച്ചയവും മൂന്നാം നിലയിൽ ഹാൾ എന്ന രീതിയിലുമാണ് പ്ലാൻ തയ്യാറാക്കിയത്. എല്ലാ സൗകര്യങ്ങളോടുകൂടിയ ഗ്രാമപഞ്ചായത്ത് ഓഫീസ് എത്രും വേഗം ലഭ്യമാക്കണമെന്നാണ് പഞ്ചായത്ത് നിവാസികളുടെ ആവശ്യം