
ഇടുക്കി ആനച്ചാൽ സ്വദേശിയായ വിദ്യാർഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി. ആനച്ചാൽ അറക്കൽ ഷിൻ്റോ - റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിൻ്റോയെയാണ് കാണാതായത്. തെരച്ചിൽ നടക്കുന്നുവെന്നാണ് ലാത്വിയയിലുള്ള കോളേജ് അധികൃതർ ബന്ധുക്കൾക്ക് നൽകിയ വിവരം. ആൽബിനെ കണ്ടെത്തുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
എട്ടു മാസം മുൻപാണ് ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിൻ്റോ മാരിടൈം കോഴ്സ് പഠിക്കാൻ വടക്കൻ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെത്തിയത്. നോവികൊണ്ടാസ് മാരിടൈം കോളേജിലെ വിദ്യാർഥിയാണ്. ആൽബിനും സുഹൃത്തുക്കളും വ്യാഴാഴ്ച നാലോടെ റിഗയിലെ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കുളിക്കുന്നതിനിടെ ആൽബിൻ മുങ്ങി പോവുകയായിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്നവർ പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ വിവരം കോളേജ് അധികൃതരെ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഊർജ്ജിതമാക്കാൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നാണ് ആൽബിൻ്റെ കുടുംബത്തിൻ്റെ ആവശ്യം.