
ഇടുക്കി വണ്ടിപ്പെരിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ടും മൂന്നും വയസ്സുള്ള പെൺകുട്ടികള്‍ക്ക് പരിക്ക്. മഞ്ചുമല സ്വദേശി ശരവണന്റെ മകള്‍ മൂന്നു വയസുകാരി സജിനിക്കും വള്ളക്കടവ് സ്വദേശി അഞ്ചുവയസുകാരി നിഹയ്ക്കുമാണ് നായയുടെ കടിയേറ്റത്. സജിനിയുടെ മുഖം നായ കടിച്ചു പരിക്കേല്‍പ്പിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിഹയുടെ പരിക്ക് ഗുരുതരമല്ല.
വണ്ടിപ്പെരിയാര്‍ ജംഗ്ഷനടുത്ത് വെച്ചാണ് സംഭവം. മിനി സ്റ്റേഡിയത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെയാണ് തെരുവു നായയുടെ ആക്രമിച്ചത്. മാതാപിതാക്കള്‍ കുട്ടികളുടെ സമീപത്ത് തന്നെയുണ്ടായിരുന്നു. ആക്രമണം നടന്ന ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു.
തെരുവുനായ ശല്യം രൂക്ഷമായ പ്രദേശമാണിതെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. തെരുവുനായ ശല്യത്തില്‍ അടിയന്തരമായ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രദേശത്ത് വലിയ തോതില്‍ ഹോട്ടല്‍ മാലിന്യം അടിഞ്ഞു കൂടുന്നതാണ് തെരുവുനായ ശല്യം വര്‍ധിക്കാനുള്ള കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ അതിനുവേണ്ട ഒരു നടപടിയും പഞ്ചായത്ത് കൈക്കൊള്ളുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.