'കേരള വിഭജനമെന്ന ആശയമുയർന്നാൽ തെറ്റ് പറയാനാവില്ല'; വിവാദ പരാമർശവുമായി സമസ്ത നേതാവ്

'കേരള വിഭജനമെന്ന ആശയമുയർന്നാൽ തെറ്റ് പറയാനാവില്ല'; വിവാദ പരാമർശവുമായി സമസ്ത നേതാവ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ പരാമർശം
Published on

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കത്തികയറുമ്പോൾ വിവാദ പരാമർശവുമായി സമസ്ത നേതാവ്. ഈ സന്ദർഭത്തിൽ കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ആർ.ഡി.ഡി ഓഫീസിന് മുൻപിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം.

വിദ്യാഭ്യാസ രംഗത്ത് മലബാറിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ 'മലബാർ സംസ്ഥാനം' വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാനാവില്ല. സമസ്തയും പോഷക സംഘടനകളും അപൂർവമായിട്ടാണ് സമര രംഗത്തിറങ്ങുന്നത് . പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമസ്ത സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറൂവെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാൽ അവഗണനയുണ്ടാകുമ്പോൾ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാവുമെന്നും നേതാവ് വ്യക്തമാക്കി. സീറ്റ് പ്രതിസന്ധി ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്താൽ പോരെന്നും മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യമാണെന്നും മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.

അതേ സമയം സീറ്റ് പ്രതിസന്ധിയിൽ ശ്വാശതമായ പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ തന്നെ വലിയ രീതിയിലുള്ള സംഘർഷങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ സമരത്തിനിറങ്ങിയ എസ്എഫ്ഐയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരിഹസിച്ചിരുന്നു. കുറേ നാളായി സമരം ചെയ്യാതിരുന്ന പാർട്ടി സമരം ചെയ്ത് ഉഷാറാവട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

News Malayalam 24x7
newsmalayalam.com