
നീറ്റ്-യു.ജി.സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്ന സാഹചര്യത്തില്‍ പേപ്പര്‍ ചോര്‍ച്ചയും കോപ്പിയടിയും തടയാന്‍ പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം. ഫെബ്രുവരിയില്‍ പാസാക്കിയ പബ്ലിക്ക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തതിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനു നേരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
പൊതു പരീക്ഷകളുടെ പേപ്പര്‍ ചോര്‍ത്തലിനും ക്രമക്കേടുകള്‍ക്കും കനത്ത ശിക്ഷയാണ് പുതിയ നിയപ്രകാരം ലഭിക്കുക. കേന്ദ്ര ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച നിയമപ്രകാരം പേപ്പറുകള്‍ ചോര്‍ത്തുകയോ കൃത്രിമത്വം കാണിക്കുകയോ ചെയ്താല്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. പരീക്ഷ അതോറിറ്റിയോ നടത്തിപ്പുകാരോ ഒരുമിച്ചു നടത്തുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിച്ചേക്കും. ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും അറസ്റ്റ്.
നിയമനുസരിച്ച് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷ നടത്തിപ്പുകാര്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താം. ഈ വര്‍ഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഭാരതീയ ന്യായ സംഹിതയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ എത്തുന്നത് വരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളില്‍ തുടരുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയും മറ്റ് ക്രിമിനല്‍ നിയമങ്ങളും ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു പരീക്ഷാ ക്രമക്കേട് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് തന്നെ ഇത് പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിന് രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഫെബ്രുവരിയില്‍ തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചിരുന്നു. നിയമത്തെ കുറിച്ച് കഴിഞ്ഞ ദിവസം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രാലയം ചട്ടങ്ങള്‍ രൂപീകരിക്കുകയാണെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ മറുപടി.
അതേസമയം റദ്ദ് ചെയ്ത യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നതായി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ സമ്മതിച്ചിരുന്നു. ചോദ്യപേപ്പറുകള്‍ ഡാര്‍ക്ക് നെറ്റില്‍ ലഭ്യമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം ടീം യു.ജി.സി ചെയര്‍മാനെ അറിയിച്ചതായും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. യു.ജി.സി ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും എന്നാല്‍ അതിന്റെ പൂര്‍ണമായ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അദ്ദേഹം അറിയിച്ചു.