
ലോകം അവസാനിക്കാൻ പോവുകയാണെന്നും ക്രിസ്തുവിനെ കാണാമെന്നും വിശ്വസിപ്പിച്ച് കെനിയയിലെ നാന്നൂറിലധികം വിശ്വാസികളെ കൊലപ്പെടുത്തിയ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കൻസിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കെനിയൻ കോടതി. തുറമുഖ നഗരമായ മൊംബാസയിലെ കോടതിയിൽ ഭാര്യയടക്കം 94 കൂട്ടുപ്രതികൾക്കൊപ്പമാണ് പാസ്റ്റർ ഹാജരായത്. നേരത്തെയും പല തീവ്രവാദ കേസുകളിലൂടെയും കുപ്രസിദ്ധനായ മക്കൻസി എങ്ങനെയാണ് നിയമപാലകരിൽ നിന്നും രക്ഷപെട്ടതെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിലാണ് ഷാക്കഹോള വനമേഖലയിലെ നാന്നൂറിലധികം ആളുകൾ യേശുവിനെ കാണാമെന്ന പാസ്റ്ററുടെ വാഗ്ദാനം വിശ്വസിച്ച് പട്ടിണി കിടന്ന് മരിച്ചത്. എന്നാൽ, ജനുവരിയിൽ കോടതിയിൽ നടന്ന വാദത്തിൽ പാസ്റ്ററും കൂട്ടുപ്രതികളും തീവ്രവാദ കുറ്റാരോപണങ്ങൾ നിഷേധിച്ചു. കൊലപാതകം, നരഹത്യ, തട്ടികൊണ്ടുപോകൽ, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മരിച്ചവരിൽ ഭൂരിഭാഗം ആളുകളും പട്ടിണി കിടന്നാണ് മരിച്ചത്. എന്നാൽ കഴുത്തുഞെരിച്ചതും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് കുട്ടികളുൾപ്പെടെയുള്ള ഇരകളുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. 800 ഏക്കറിലായി പരന്ന് കിടന്ന കൂട്ടക്കുഴിമാടങ്ങളിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളിൽ പലരെയും തിരിച്ചറിഞ്ഞത് ഡിഎൻഎ പരശോധന വഴിയായിരുന്നു. ചില മൃതദേഹങ്ങളിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്തിരുന്നതായും കോടതി വ്യക്തമാക്കി.
അതേസമയം, കൂട്ടക്കൊല അന്വേഷണത്തില്‍ കെനിയൻ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി കിത്തോര്‍ കിണ്ടികി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. കെനിയയിലെ ആഭ്യന്തര മത പ്രസ്ഥാനങ്ങളിൽ ഇടപെടലുകള്‍ നടത്തുമെന്ന് പ്രസിഡൻ്റ് വില്യം റൂട്ടോ പ്രതിജ്ഞയെടുത്തിരുന്നു.