
29ാമത് ഐഎഫ്എഫ്കെയുടെ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മത്സരിക്കുന്ന രണ്ട് മലയാള ചിത്രങ്ങളില്‍ ഒന്ന് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറമാണ്. ശക്തവും സങ്കീര്‍ണവുമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് സംവിധായിക ഇന്ദു ലക്ഷ്മി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
എന്തുകൊണ്ട് അപ്പുറം എന്ന ചിത്രം നമ്മള്‍ കാണണം?
അപ്പുറം എനിക്ക് വളെര പേഴ്സണല്‍ ആയിട്ടുള്ള സ്റ്റോറിയാണ്. പറയണം എന്ന് എപ്പോഴും ആഗ്രഹിച്ചിട്ടുള്ള കഥാ തന്തുവാണ് അപ്പുറത്തിലേത്. പല ത്രെഡുകളും ആലോചിച്ചിട്ട് ഇത് ചെയ്യാം എന്ന് എനിക്ക് തോന്നിയത് ഈ ചിത്രമാണ്. നമ്മുടെ തന്നെ മുറിവിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ചിത്രം. കാരണം നമ്മുടെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ എത്ര വര്‍ഷം കഴിഞ്ഞാലും അവിടെ തന്നെ നില്‍ക്കും. അങ്ങനെ എന്റെ തന്നെ മുറിവിലേക്കുള്ള തിരിച്ചു പോക്കും, ആ മുറിവ് ഉണക്കാനുള്ള ശ്രമം എന്ന നിലയ്ക്കുമാണ് അപ്പുറം ഉണ്ടാവുന്നത്. ഈ സിനിമ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് സംഭവിച്ചത്.
നടീനടന്മാരുടെ ഭാഗത്ത് നിന്നാണെങ്കിലും ടെക്നീഷ്യന്മാരുടെ ഭാഗത്ത് നിന്നാണെങ്കിലും എല്ലാം 'യെസ്' മാത്രമാണ്. 'നോ' വന്നിട്ടില്ല.
അത്യധികം ട്രോമയുള്ള കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതെങ്ങനെയാണ് ഒരു മുറിവുണക്കല്‍ ആകുന്നത്?
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ഒരു പര്യവസാനവുമുണ്ടല്ലോ. ഇതില്‍ നമുക്ക് സാഹചര്യങ്ങളുടെ നിയന്ത്രണം ഇല്ല. കഥ പറയുമ്പോള്‍ എഴുത്തുകാരി എന്ന രീതിയില്‍ പ്രശ്നങ്ങള്‍ക്ക് ഒരു അവസാനം കൂടി കണ്ടെത്താന്‍ സാധിക്കും. യാഥാര്‍ഥ ജീവിതത്തില്‍ അത് പറ്റില്ല. പക്ഷെ കഥയിലൂടെ ഒരു ശുഭ പര്യവസാനം കൊടുക്കാന്‍ പറ്റും. അത് തന്നെയാണ് മുറിവുണക്കല്‍ ആയി കണക്കാക്കുന്നത്.
2024 ലും ആര്‍ത്തവത്തെ കുറിച്ചും ഇന്നും നിലനില്‍ക്കുന്ന ആര്‍ത്തവ ആചാരങ്ങളെ കുറിച്ചുമെല്ലാം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരികയാണല്ലോ?
ഒരു പറഞ്ഞു കൊടുക്കലായി ഞാന്‍ കരുതിയിട്ടില്ല. ഏത് കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ പോലുള്ള ഇന്നത്തെ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ഒരു അടയാളങ്ങളും സിനിമയില്‍ കാണിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുമ്പുള്ള ടിവിയും ഫര്‍ണിച്ചറുകളും കലണ്ടറുകളുമൊക്കെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പക്ഷേ, ഇക്കാലത്തും ഇത്തരത്തിലുള്ള ആചാരങ്ങള്‍ പാലിക്കുന്ന കുടുംബങ്ങള്‍ ഉണ്ട് എന്നത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. ഞാന്‍ നേരത്തേയും പറഞ്ഞതാണ്, അപ്പുറം എന്ന സിനിമ എന്റെ തന്നെ കഥയാണ്. ഇതിലെ ജാനകി ഞാന്‍ തന്നെയാണ്. സിനിമയുടെ വര്‍ക്കിങ് ടൈറ്റിലായി ഇട്ടിരുന്നത് 'ശ്രാദ്ധം' എന്നായിരുന്നു. അപ്പുറം എന്ന പേര് ആര്‍ക്കും അറിയില്ലായിരുന്നു. ഇത് എന്റെ അമ്മയ്ക്ക് ഞാന്‍ നല്‍കുന്ന ശ്രാദ്ധം ആണ്. ഈ ജീവിതത്തില്‍ ഞാന്‍ നേടിയതെല്ലാം അമ്മയ്ക്കുള്ള സമര്‍പ്പണമാണ്.
സിനിമയിലെ കഥാപാത്രങ്ങളെല്ലാം ആചാര സംരക്ഷണത്തെ പിന്തുണയ്ക്കുന്നവരാണ്. എതിര്‍ത്ത് സംസാരിക്കുന്നവര്‍ ഇല്ല. അത് മനപൂര്‍വമായി ചെയ്തതാണോ?
ന്യൂട്രലായി നില്‍കുന്ന കഥാപാത്രങ്ങളും ഈ സിനിമയിലുണ്ട്. പക്ഷേ അവര്‍ക്ക് ഇതിനെ ലംഘിക്കാനുള്ള ധൈര്യമില്ല. മരണങ്ങള്‍ പലപ്പോഴും ഒരു കച്ചവടമാണ് ഇപ്പോള്‍. ഭയമാണ് ആളുകളെ നയിക്കുന്നത്. അതിനെ തൃപ്തിപ്പെടുത്താനാണ് പലപ്പോഴും ആചാരങ്ങള്‍.
സ്ത്രീ സംവിധാനം ചെയ്യുന്ന സിനിമകള്‍ പലപ്പോഴും ആര്‍ത്തവം പോലുള്ള വിഷയങ്ങളായിരിക്കും എന്നൊരു അഭിപ്രായം പൊതുവിലുണ്ട്. അതിനെ കുറിച്ച്
അപ്പുറം എന്ന സിനിമയില്‍ ആര്‍ത്തവം മാത്രമല്ല ഉള്ളത്. ഈ സിനിമയില്‍ സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പൊതുവിലുള്ള കാര്യങ്ങളുണ്ട്. അങ്ങനെ കഥ പറയുമ്പോള്‍ അറിയാതെ ഉള്‍പ്പെട്ടു പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യമാണ്. പുരുഷന്മാര്‍ക്ക് അത് അങ്ങനെ തിരിച്ചറിയാന്‍ പറ്റുന്നുണ്ടാകില്ല.
നിള എന്ന സിനിമയിലാണെങ്കിലും മാലതി എന്ന കഥാപാത്രത്തിനു പകരം ഒരു പുരുഷനാണെങ്കിലും കഥയില്‍ മാറ്റമുണ്ടാകില്ല. മാലതിയായി ഒരു സ്ത്രീയെ തിരഞ്ഞെടുത്തു എന്ന് മാത്രമേ ഉള്ളൂ. നേരിട്ട് അറിയുന്ന അനുഭവിച്ച കാര്യങ്ങളാണ് എന്നുള്ളത് കൊണ്ട് സ്വാഭാവികമായാണ് ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ പറയുന്നത്. അല്ലാതെ ഇങ്ങനെ ചെയ്‌തേക്കാം എന്ന ആലോചനയില്‍ നിന്ന് ഉണ്ടാകുന്നതല്ല. ആര്‍ത്തവം എന്നത് എല്ലാ സ്ത്രീകളും അനുഭവിക്കുന്ന കാര്യമാണ്. നമുക്ക് ചുറ്റമുള്ള സ്ത്രീകളെല്ലാം അവരുടെ ജോലികള്‍ ചെയ്യുന്നത് ഇത് അനുഭവിച്ചാണ്. എല്ലാ മാസവും അതുമായി ജീവിക്കുന്നവരായതു കൊണ്ട് തന്നെ അത് പറയാതെ കഥ പറയാനാകില്ല.