
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീഴുമ്പോൾ അവാർഡ് വേദിയിൽ തിളങ്ങി മലയാള ചിത്രങ്ങൾ. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം മലു നേടിയപ്പോൾ,മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് 'മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്' സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി.മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും നേടി. മികച്ച മലയാള ചിത്രമുൾപ്പെടെ അവാർഡുകൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ മേളിൽ താരമായി. മികച്ച മലയാള സിനിമയ്ക്കുള്ള കെ.ആർ.മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിയുടെ അപ്പുറത്തിന് ലഭിച്ചു. നവാഗത സംവിധായക ശിവരഞ്ജിനിയാണ്.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് അദേഴ്സ്( Me, Maryam, the Children and 26 Others) എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. മികച്ച പ്രകടനത്തിനുള്ള പരാമർശം 2 പേർക്ക് ലഭിച്ചു. അപ്പുറം സിനിമയിലെ അഭിനയത്തിന് അനഘയ്ക്കും ചിന്മയ സിദ്ധിക്കും (റിഥം ഓഫ് ദമാം) ലഭിച്ചു.
നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലു സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകൾ. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയ, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം,സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശന്‍, ജൂറി ചെയര്‍പേഴ്സണ്‍ ആഗ്‌നസ് ഗൊദാര്‍ഡ്,അര്‍മേനിയന്‍ സംവിധായകന്‍ സെര്‍ജ് സെര്‍ജ് അവെദികിയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി അജോയ്, അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സോഹന്‍ സീനു ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read; FEMINIST FATHIMA MOVIE REVIEW | മൂത്രം വീണ മെത്ത ഫാത്തിമയെ ഫെമിനിസ്റ്റാക്കുമ്പോള്‍
ഇത്തവണ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. എട്ടു ദിവസങ്ങളിലായി ആകെ 427 പ്രദര്‍ശനങ്ങള്‍ നടത്തി. ഉദ്ഘാടന, സമാപന ദിവസങ്ങള്‍ ഒഴികെയുള്ള, റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ ദിനങ്ങളില്‍ 85,227 ബുക്കിംഗുകള്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി മേളയിലത്തെിച്ചത്. മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, പെദ്രോ അല്‍മോദോവര്‍, വാള്‍ട്ടര്‍ സാലസ്, മിഗ്വല്‍ ഗോമസ്, മുഹമ്മദ് റസൂലാഫ് തുടങ്ങിയ സമകാലിക ലോകചലച്ചിത്രാചാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍, ക്‌ളാസിക്കുകളുടെ റെസ്റ്റോറേഷന്‍ ചെയ്ത് പുതുക്കിയ പതിപ്പുകള്‍ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
കണ്‍ട്രി ഫോക്കസ് വിഭാഗത്തിലെ അര്‍മീനിയന്‍ ചിത്രങ്ങള്‍, ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, 'ദ ഫിമേല്‍ ഗേയ്‌സ്', ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍ ചിത്രങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ക്കു പുറമെ അന്താരാഷ്ട്ര മല്‍സരവിഭാഗവും ലോകസിനിമ ഇന്ത്യന്‍ സിനിമ, മലയാള സിനിമാ വിഭാഗങ്ങളും മികച്ച ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി