APPURAM MOVIE REVIEW | പെണ്ണിന് അരക്കില്ലമാകുന്ന കുടുംബം

നമ്മളാണ് ഈ കഥയിലെ സംഘര്‍ഷങ്ങള്‍ കുടുംബങ്ങളില്‍ ഒരുക്കുന്നവര്‍. ആചാരങ്ങളെ അമിതവിലകൊടുത്ത് പരിപാലിച്ച് യുക്തിയെ ചില്ലറത്തുട്ടിന് പണയം വെയ്ക്കുന്ന നമ്മള്‍. സിനിമ ഇത് ഉപയോഗപ്പെടുത്തുക മാത്രമാണ്. ലജ്ജയോടെ അത് സമ്മതിച്ചുകൊടുത്തേക്കൂ...
APPURAM MOVIE REVIEW | പെണ്ണിന് അരക്കില്ലമാകുന്ന കുടുംബം
Published on

എല്ലാ കാലത്തും കുടുംബവുമായി ചേര്‍ത്തുകെട്ടി പറയുന്ന വാക്കാണ് സംരക്ഷണം. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് ഈ 'സംരക്ഷണം' അവളുടെ പരിമിത ഇടങ്ങള്‍ പോലും കൈയ്യേറുന്ന അവസ്ഥയാണ്. താനായി നില്‍ക്കാനുള്ള ഇടം നഷ്ടമാകുന്ന സ്ത്രീക്ക്, പതിയെ അവളെ തന്നെ നഷ്ടമാകുക സ്വാഭാവികം. നമുക്ക് ചുറ്റും ഇന്നും ബോധത്തിലും അബോധത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ യാഥാര്‍ഥ്യത്തെയാണ് ഇന്ദു ലക്ഷ്മി 'അപ്പുറം' (The Other Side) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്.

സിനിമയുടെ തുടക്കത്തില്‍ തന്നെ ആത്മഹത്യാചിന്തകള്‍ നിരന്തരം വെച്ച് പുലര്‍ത്തുന്ന, പലവട്ടം അതിനു ശ്രമിച്ച ചിത്ര (മിനി ഐ.ജി) നമുക്ക് മുന്നിലെത്തുന്നു. ഭര്‍ത്താവ് വേണുവും (ജഗദീഷ്) മകള്‍ ജാനകിയും (അനഘ രവി) പറഞ്ഞു തരുന്ന, അവരുടെ അനുഭവങ്ങളിലെ ചിത്ര എന്ന മരണം കൊതിക്കുന്ന സ്ത്രീ നമ്മുടെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്‌ക്കൊക്കെ ഉത്തരം ലഭിക്കുന്നത് ചിത്ര ജനിച്ചു വളരുന്ന കുംടുംബത്തിന്റെ പശ്ചാത്തലം മനസിലാകുമ്പോഴാണ്. കടുത്ത അന്ധവിശ്വാസങ്ങള്‍ക്കും ആണ്‍പോരിമയ്ക്കും ഇടയില്‍ ജനിച്ചു വളര്‍ന്ന ചിത്രയുടെ പരിഭ്രാന്തിയുടെ വേരുകള്‍ അവളുടെ ജന്മ ഗൃഹത്തില്‍ തന്നെയാണുള്ളത്. അവിടെ അവള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന നിഷേധിയായ ഒരു പെണ്ണായിരുന്നു. വേണുവിനും ജാനകിക്കുമൊപ്പം നഗരത്തിലെ വീട്ടില്‍ താമസിക്കുമ്പോഴും ഈ വേരുകള്‍ അവരെ ശ്വാസം മുട്ടിക്കുന്നു. നിരന്തരം നഷ്ടമായ അവസരങ്ങളെ ഓര്‍മിപ്പിക്കുന്നു. ഒരുപക്ഷേ, ഭര്‍ത്താവും ജാനകിയും തരുന്ന കരുതല്‍ പോലും അവരെ വീര്‍പ്പുമുട്ടിക്കുന്നു. അതിന്റെ പാരമ്യത്തിലാണ് ചിത്ര അപ്പുറമുള്ള ലോകത്തെ കൂടുതല്‍ ആഗ്രഹിക്കാന്‍ തുടങ്ങുന്നത്.

പുരോഗമനചിന്താഗതിക്കാരനും സൗമ്യനുമായ ഭര്‍ത്താവ്, മിടുക്കിയായ മകള്‍. പിന്നെ എന്തിന്റെ കുറവാണ് ചിത്രക്കുള്ളത് എന്ന് ചോദിച്ചാല്‍ ഇന്നും അടുക്കള അകങ്ങളിലും ഓഫീസ് മുറികളില്‍ പോലും കാണുന്ന സ്ത്രീകള്‍ക്ക് കൃത്യമായ ഉത്തരമുണ്ടാകും.


'ഈ പ്രശ്‌നരഹിതമായ സമവാക്യത്തില്‍ സ്വന്തം സ്ഥാനമെന്ത്?'

ഇത് തന്നെയാകാം ചിത്രയേയും കുഴയ്ക്കുന്നത്. ''കൂടെ പഠിച്ചവര്‍ ഡോക്ടര്‍മാരായി. ആ ദുഷ്ടന്‍ അച്ഛന്‍ എന്നെ പഠിപ്പിക്കാന്‍ വിട്ടില്ല'' എന്ന് ചിത്ര മകളോട് പറയുന്നിടത്തു നിന്നും ഇത് വ്യക്തമാണ്.

ചിത്രയുടെ ട്രോമ അവരില്‍ അവസാനിക്കുന്നില്ല. അത് ജാനകിയിലൂടെ തുടരുകയാണ്. പലപ്പോഴും ജീവിത്തിലും അത് അങ്ങനെയാണെന്ന് തോന്നുന്നു. 'പത്തുമാസം അമ്മ മകളെ വയറ്റില്‍ പേറുന്നു. പിന്നൊരു പന്തീരാണ്ട് കാലം മകള്‍ അമ്മയുടെ വേദനകള്‍ മനസില്‍ ചുമക്കുന്നു.' ജാനകിയുടെ കാര്യത്തിലും അങ്ങനെതന്നെ സംഭവിക്കുന്നു. അമ്മവീട്ടിലേക്ക് എത്തുന്ന അവളെ കാത്തിരിക്കുന്നത് ആര്‍ത്തവ ശുദ്ധിയും പാപബോധവും മറ്റനവധി ദുഷിച്ച ചിന്തകളുമാണ്. ഇതവള്‍ക്ക് ചിത്രയെ തിരിച്ചറിയുന്നതിനു സഹായിക്കുന്നുണ്ട്. 'ഞാനിപ്പോള്‍ എന്താണോ അതുതന്നെയാണ് അമ്മ'യെന്ന് ജാനകി പഠിക്കുന്നത് ആ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലാണ്.

സാമാന യുക്തിക്ക് നിരക്കാത്ത നിരവധി ആചാരങ്ങള്‍ മരണവും സ്ത്രീയുമായി സമൂഹം കൂട്ടിക്കെട്ടുന്നത് സിനിമയില്‍ കാണാം. ഇത് കേവലം ഗ്രാമീണചിന്തമാത്രമല്ല. ചിത്രത്തില്‍ കാണിക്കുന്നത് പോലെ പേടിയുള്ള എല്ലാവരെയും വിറ്റ് മുതലാക്കാന്‍ ഈ വ്യവസ്ഥിതിക്ക് സാധിക്കും. ആര്‍ത്തവ ശുദ്ധിയുടെ പേരില്‍ ജാനകിയെ അകറ്റി നിര്‍ത്തുമ്പോള്‍ അതിനു സമാന്തരമായി അതേ വീട്ടില്‍ പൂട്ടിയിടപ്പെടുന്നത് ഒരു മനോരോഗിയാണ് (കുടുംബക്കാര്‍ പറയുന്ന പ്രകാരം). ഇവര്‍ രണ്ടാളും ആഗ്രഹിക്കുന്നത് ഒരു തുറന്നയിടമാണ്. എന്നാല്‍ അത് ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. മാത്രല്ല, മരണം എന്നത് ആഘോഷിക്കപ്പെടുന്ന കാഴ്ചയും ചിത്രത്തില്‍ കാണാം. മരിക്കുന്നതിലൂടെ പ്രിയപ്പെട്ടവര്‍ പലര്‍ക്കും 'ബോഡി' മാത്രമാകുന്നതും. ആ ശരീരത്തെപ്പറ്റിയുള്ള ക്രൂരമായ തമാശകള്‍ എങ്ങനെയാണ് മുറിവുകളാകുന്നതെന്നും കൃത്യമായി ചിത്രം പറഞ്ഞുവയ്ക്കുന്നു.


ഈ സിനിമയില്‍ ഉടനീളം 'അപ്പുറം' തെളിഞ്ഞും മറഞ്ഞും വരുന്നുണ്ട്. ജീവിക്കുന്ന ലോകത്തേക്കാള്‍ ചിത്ര ഇഷ്ടപ്പെടുന്നത് മരണത്തിന് അപ്പുറമുള്ള ലോകത്തെയാണ്. ചിത്രയുടെ വീട്ടുകാര്‍ ഭയപ്പെടുന്നതും അപ്പുറം കടക്കാനാകാതെ ഇവിടെ കുടുങ്ങിക്കിടക്കുന്ന ആത്മാക്കളെയാണ്. ആ ഭയമാണ് അവരെ അന്ധവിശ്വാസികളും ആചാരസംരക്ഷകരും ആക്കുന്നത്. ഒരു ഘട്ടത്തില്‍ ജാനകി പ്രതിഷേധിക്കുന്നതും ഈ അപ്പുറത്തുള്ളവരുമായാണ്.

'വാടാമുല്ലയ്ക്ക് ഗന്ധമില്ലെങ്കിലും, വാടില്ല നാളേറെ കഴിഞ്ഞാലും' എന്നാണ് ചിത്രയ്ക്ക് ചെറു പ്രായത്തില്‍ വേണു എഴുതിയ കത്തില്‍ കുറിച്ചിരുന്ന വരികള്‍. അയാള്‍ എന്നും അത് വിശ്വസിക്കുന്നു. ആ വിശ്വാസം ഒരോ വട്ടവും ചിത്രയുടെ മനസ് കൈവിട്ട് പോകുമ്പോഴും വേണുവിന്റെ നോട്ടത്തില്‍ കാണാം. അനായാസേനയാണ് ജഗദീഷ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാം തച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ള പുരുഷനല്ല വേണു. അയാള്‍ ദുര്‍ബലനാണ്. മനസിന്റെ ആഴങ്ങളില്‍ ദുഃഖത്തിന്റെ ഇരമ്പം ഉയരുമ്പോഴും ചെവിപൊത്തി ചുണ്ടില്‍ ഒരു ചെറിയ ചിരി വരുത്താന്‍ ശ്രമിക്കുന്നയാള്‍. വേണുവിന് ഉരുവവും ശബ്ദവും മാത്രല്ല, ആത്മവ് കൂടി നല്‍കിയിട്ടുണ്ട് ജഗദീഷ്. ചിത്രയുടെയും ജാനകിയുടെയും ഒരു ഭാഗം മാത്രമാണ് വേണു എന്ന ബോധ്യം നടന്റെ അഭിനയത്തില്‍ ഉടനീളമുണ്ടായിരുന്നു. ചിത്രയായി മിനി ഐ.ജി. മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചില സന്ദര്‍ഭങ്ങളിലെ അനഘ രവിയുടെ ഭാവങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. 'ടു ബി ഓര്‍ നോട്ട് ടു ബി' എന്ന ചോദ്യം കൊണ്ടു നടക്കുന്ന മുഖമാണ് അനഘയ്ക്ക് ഈ ചിത്രത്തില്‍ ഉടനീളം.

'തീണ്ടാരിത്തുണികള്‍' പ്രതിഷേധ ചിഹ്നമായി മാറുന്നത് അതിഭാവുകത്വം എന്ന് വിമര്‍ശനമുണ്ടാകുന്ന കാലത്ത് പോലും ഒന്ന് ചുറ്റും കണ്ണോടിച്ചുനോക്കൂ, സ്വയം സംസാരിച്ച് ദേഷ്യം പിടിക്കുന്ന ഒരു ചിത്രയല്ലേ നിങ്ങളെ കടന്നുപോയത്.? ക്ലാസ് മുറിയില്‍ ഒറ്റയ്ക്ക് മാറിയിരിക്കുന്ന ഒരു ജാനകിയെ നിങ്ങള്‍ കണ്ടിട്ടില്ലേ.? ചിത്രയുടെ അച്ഛനേയും മറ്റ് ആണ്‍വേഷങ്ങളേയും എത്ര മരണവീടുകളില്‍ നാം നേരിട്ടിട്ടുണ്ട്.? അവരുടെ അമ്മയും സഹോദരിമാരെയും പോലെ നിര്‍ദോഷികളായ വിശ്വാസികളോടല്ലെ നാം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്.? നമുക്ക് ചുറ്റുമുള്ളതിന് അപ്പുറം ഒന്നും ഇന്ദു ലക്ഷ്മി സംസാരിച്ചിട്ടില്ല. ഈ പ്രമേയത്തിന്റെ ഇന്നുള്ള സാധ്യത തന്നെ നമ്മളാണ്. നമ്മളാണ് ഈ കഥയിലെ സംഘര്‍ഷങ്ങള്‍ കുടുംബങ്ങളില്‍ ഒരുക്കുന്നവര്‍. ആചാരങ്ങളെ അമിതവിലകൊടുത്ത് പരിപാലിച്ച് യുക്തിയെ ചില്ലറത്തുട്ടിന് പണയം വെയ്ക്കുന്ന നമ്മള്‍. സിനിമ ഇത് ഉപയോഗപ്പെടുത്തുക മാത്രമാണ്. ലജ്ജയോടെ അത് സമ്മതിച്ചുകൊടുത്തേക്കൂ...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com