
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പൺ സർവകലാശാലയുടെ എംബിഎ പരീക്ഷയ്ക്ക് കണ്ണൂർ സെൻട്രൽ ജയിൽ സെന്ററായി ലഭിച്ച വിദ്യാർഥിക്ക് ഒടുവിൽ ആശ്വാസം. പരീക്ഷാ കേന്ദ്രം മാറ്റി അപേക്ഷിക്കാൻ സർവകലാശാല സൗകര്യമൊരുക്കിയതോടെ വിദ്യാർഥി പുതിയ സെന്റർ തെരഞ്ഞെടുത്തു. പരീക്ഷ എഴുതാനാവുമോ എന്ന കണ്ണൂർ താവം സ്വദേശിനിയുടെ ആശങ്ക ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.
ജൂൺ മാസത്തിൽ നടക്കുന്ന ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സെന്ററുമായി ബന്ധപ്പെട്ടായിരുന്നു ആശയക്കുഴപ്പം. കഴിഞ്ഞ രണ്ടു സെമസ്റ്ററിലും കൂത്തുപറമ്പ് നിർമലഗിരി കോളജിലായിരുന്നു വിദ്യാർഥി പരീക്ഷ എഴുതിയത്. ഇത്തവണ അപേക്ഷ സമർപ്പിക്കാൻ ശ്രമിച്ചപ്പോൾ നിർമലഗിരിക്ക് പകരം കണ്ണൂർ സെൻട്രൽ ജയിലായിരുന്നു പരീക്ഷാ കേന്ദ്രം. യാത്ര സൗകര്യം അടക്കം പരിഗണിച്ച് 1700 രൂപ ഫീസടച്ച് സെൻട്രൽ ജയിൽ പരീക്ഷ സെന്ററായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ സെൻട്രൽ ജയിൽ പരീക്ഷ സെന്റർ അല്ലെന്ന് പിന്നീടാണ് വിദ്യാർഥി അറിഞ്ഞത്.
സർവകലാശാലയുടെ പിഴവ് കാരണമാണ് ജയിലിൽ എക്സാം സെന്ററുണ്ടെന്ന തെറ്റായ വിവരം വെബ് സൈറ്റിൽ നൽകിയത്. ഒരിക്കൽ അപേക്ഷ സമർപ്പിച്ചാൽ ആറു മാസം കഴിഞ്ഞു മാത്രമേ അപേക്ഷ സമർപ്പിക്കാനാവൂ എന്ന നിയമവും വിദ്യാർഥിക്ക് തിരിച്ചടിയായി. പിഴവ് ബോധ്യപ്പെട്ട സർവകലാശാല വീണ്ടും അപേക്ഷിക്കാൻ അനുമതി നൽകിയതോടെയാണ് ഭാവി ആശങ്കയിലായ വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ അവസരം ഒരുങ്ങിയത്. പുതിയ സെന്റർ തെരഞ്ഞെടുത്ത് അപേക്ഷ നൽകുകയും ചെയ്തു.