
ലണ്ടനിലെ ഇവന്റിം അപ്പോളോ തിയേറ്ററിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച് ചരിത്രം കുറിച്ച് ഇളയാരാജ. തൻ്റെ 82ാം വയസിലാണ് ഇളയരാജ സിംഫണി അവതരിപ്പിച്ചത്. ഇവന്റിം അപ്പോളോ തിയേറ്ററിൽ ആദ്യമായി ഒരു ഇന്ത്യക്കാരന്റെ സംഗീതം മുഴങ്ങിയപ്പോൾ അത് രാജ്യത്തിനും അഭിമാന നിമിഷമായി. റോയൽ ഫിലാർമോണിക് ഓർക്കസ്ട്രയും ഇളയരാജയുടെ സിംഫണിയുടെ ഭാഗമായി.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ പന്നൈപ്പുരത്ത് ഒരു ദലിത് കുടുംബത്തിൽ ജനിച്ച ജ്ഞാനദേശികൻ ഡാനിയേൽ എന്ന ഇളയരാജ ലോകസംഗീതത്തിൽ ചരിത്രമെഴുതുമ്പോൾ അത് ഇന്ത്യയെന്ന രാജ്യവും കടന്ന് എഷ്യ വൻകരയ്ക്കു തന്നെ അഭിമാനനിമിഷമായി. കാരണം ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യൻ സിനിമാ മേഖലയില്‍ നിന്ന് ഒരു സംഗീത സംവിധായകൻ അവിടെയെത്തുന്നത്. കരിയറിലെ തന്നെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി വാലിയന്റ് ഇവന്റിം അപ്പോളോ തിയേറ്ററിൽ അവതരിപ്പിച്ചിരിക്കുന്നു ഇന്ത്യൻ സംഗീതത്തിലെ കുലപതി ഇളയരാജ. ഇളയരാജയുടെ സംഗീത സപര്യയിലെ നാഴികക്കല്ലാണ് വാലിയന്‍റ് എന്ന സിംഫണിയുടെ അവതരണം
റോയല്‍ ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയില്‍ പങ്കാളികളായത്. ഗാനത്തിന്റെ നിർമാണ സമയത്തെ ഇവർക്കൊപ്പമുള്ള വീഡിയോ ഇളയരാജ പങ്കുവച്ചിരുന്നു. താൻ ഒരു ഇന്ത്യൻ സംഗീത സംവിധായകനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്.
ഈ വര്‍ഷം ആദ്യമാണ് ഇളയരാജ സിംഫണി പ്രഖ്യാപിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അടക്കമുള്ളയാളുകൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. 82 ആം വയസിലാണ് ഇളയരാജ ലണ്ടനിലെ ആരാധ്യമായൊരു വേദിയിൽ തന്‍റെ സംഗീതരചന അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമായി.