കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികം; അവിഭക്ത ഇന്ത്യ സെമിനാറിൽ പാകിസ്ഥാനും ബംഗ്ലാദേശിനും ക്ഷണം

ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ അയൽ രാജ്യങ്ങൾക്കും ക്ഷണമുണ്ട്
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികം; അവിഭക്ത ഇന്ത്യ സെമിനാറിൽ പാകിസ്ഥാനും ബംഗ്ലാദേശിനും ക്ഷണം
Published on


കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അവിഭക്ത ഇന്ത്യ സെമിനാറിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ക്ഷണിച്ച് ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രം ഒത്തുചേർന്ന് ആഘോഷിക്കാനുള്ള സർക്കാരിൻ്റെ ആദ്യ സംരംഭമാണിത്.

ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ അയൽ രാജ്യങ്ങൾക്കും ക്ഷണമുണ്ട്. മിഡിൽ ഈസ്റ്റ്, സെൻട്രൽ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അതിഥി പട്ടികയിലുണ്ട്. സെമിനാറിൽ പങ്കെടുക്കുമെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായ എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ആഘോഷത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണിതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിപാടി അവിസ്മരണീയമാക്കാൻ വിവിധ മന്ത്രാലയങ്ങൾ സംഭാവന നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാർഷികത്തോടനുബന്ധിച്ച് 150 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

1875 ജനുവരി 15 ന് ബ്രിട്ടീഷ് ഭരണകാലത്താണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ആദ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. 1785-ൽ കൽക്കട്ട ഒബ്സർവേറ്ററിയും 1796-ൽ മദ്രാസ് ഒബ്സർവേറ്ററിയും 1826-ൽ ബോംബെ ഒബ്സർവേറ്ററിയും ആരംഭിച്ചു. കാലക്രമേണ, ഏഷ്യയിലെ ഒരു മുൻനിര കാലാവസ്ഥാ പ്രവചന കേന്ദ്രമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറി. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, കാലാവസ്ഥാ ശാസ്ത്രം, ആശയവിനിമയം, ശാസ്ത്രീയ കണ്ടുപിടുത്തം എന്നിവയിലും ഐഎംഡി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com