
കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഗോവ-കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി മാറിയതോടെയാണ് മഴ കനക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. 13, 14 തീയതികളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദ്ദത്തിൽ നിന്ന് കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 12 ഓടെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13, 14 തീയതികളിൽ അതിശക്തമായ മഴയ്ക്കും, 10 മുതല്‍ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ALSO READ: സംസ്ഥാനത്ത് വ്യാപക മഴ, ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; മലയോര മേഖലകളിലും മഴ കനക്കും
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലേർട്ടുണ്ട്. 14ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, 13ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 14ന് ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലേർട്ടുള്ളത്.