
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇമ്മ്യൂണിറ്റി നല്‍കിയ സുപ്രീം കോടതി വിധിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്.
ഇമ്മ്യൂണിറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസമാണ് കേസ് വാദിച്ചത്. അതിന് ശേഷം ഉണ്ടായകേസുകളില്‍ തീരുമാനം പുറപ്പെടുവിക്കുമ്പോള്‍ ട്രംപിന്റെ കേസ് മാത്രം പരിഗണിക്കാതെ ഒഴിവാക്കുന്നത് മനഃപൂര്‍വ്വമാണെന്ന വാദവും ഉയര്‍ന്നിരുന്നു. കാലതാമസം ഉണ്ടാക്കിയത് മനഃപൂര്‍വ്വമാണെന്നും അത് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ഇമ്മ്യൂണിറ്റി നല്‍കുന്നതോടെ ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അധികാരികള്‍ക്ക് പ്രചോദനമാകുമെന്നതാണ് പ്രധാനമായും ഉയരുന്ന ആശങ്ക. തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ആണ് ട്രംപ് ഇമ്യൂണിറ്റി നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ വന്ന വിധി പ്രകാരം ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ അധികാരികള്‍ക്ക് ഇമ്മ്യൂണിറ്റി ലഭിക്കും. അതേസമയം അനൗദ്യോഗികമായി ഇമ്മ്യൂണിറ്റി ഉപയോഗിക്കാന്‍ സാധിക്കുകയുമില്ല. അതത് കാലത്ത് അധികാരത്തിലിരിക്കുന്നവര്‍ ഈ വിധി ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീക്കും. പ്രധാനമായും വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ തെരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള നിരവിധി കേസുകള്‍ ഇമ്മ്യൂണിറ്റി ഉപയോഗിച്ച് ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് നിയമവിദഗ്ധരെ അടക്കം ആശങ്കയിലാഴ്ത്തുന്നത്.
2024 മെയ് 30 ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂറി, ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്നതിന്, ട്രംപിനെതിരെയുള്ള 34 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സുമായി നടന്ന പണമിടപാടുകളുമായി ബന്ധപ്പെട്ടയിരുന്നു ഈ തിരിമറികള്‍. 2006 ല്‍ ട്രംപുമായി ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2016 ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇത് പുറത്തു പറയാതിരിക്കാന്‍ 130,000 ഡോളര്‍ പണം സ്റ്റോമി ഡാനിയല്‍സിനു നല്‍കിയെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതാണ് പിന്നീട് ഹഷ് മണി കേസ് എന്ന് അറിയപ്പെട്ടത്. ഈ കേസ് വാദം കേള്‍ക്കുന്നതിന് മുന്നോടിയായി ജസ്റ്റിസ് മെര്‍ച്ചന്‍, ട്രംപിനെതിരെപുറത്തിറക്കിയ ഗാഗ് ഓര്‍ഡര്‍ പ്രകാരം ജൂറിമാര്‍, സാക്ഷികള്‍, പ്രോസിക്യൂഷന്‍ സംഘം, ജഡ്ജിന്റെ കുടുംബം എന്നിവര്‍ക്കെതിരെ പരാമര്‍ശം നടത്തുന്നതില്‍ നിന്നും ട്രംപിനെ വിലക്കേര്‍പ്പെടുത്തി. 13 അംഗ ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 11 നാണ് ഹുവാന്‍ മെര്‍ച്ചന്‍ ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരുന്നത്.