

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിൽ പ്രവർത്തന ക്ഷമമായത് 2025 മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെയായിരുന്നു. രാജ്യത്തിൻ്റേയും കേരളത്തിൻ്റേയും വികസനക്കുതിപ്പിലെ നിർണായക ചവിട്ടുപടിയായി ഈ മാമാങ്കം വിലയിരുത്തപ്പെട്ടു. എന്നാൽ, മെയ് 25നാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ 'എംഎസ്‌സി എലിസ 3' എന്ന ലൈബീരിയൻ ചരക്ക് കപ്പൽ ചരിഞ്ഞ് അപകടമുണ്ടായത്.
തീരദേശ സുരക്ഷയെന്നാൽ ഭീകരാക്രമണം തടയൽ മാത്രമല്ലെന്നും, കടലിലെ മലിനീകരണ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണെന്നും ഓർമിപ്പിക്കുകയാണ് മറൈൻ ലോജിസ്റ്റിക്സ് ഷിപ്പിങ്ങിൽ വിദഗ്ധനായ പോർട്ട് ക്യാപ്ടൻ മാർഷൽ എഡ്വാർഡ്. തീരദേശ സുരക്ഷയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയപരമായ പാളിച്ചകളെ കുറിച്ച്, തൻ്റെ ഒഫീഷ്യൽ ലിങ്ക്ഡ് ഇൻ പേജിലൂടെയാണ് അദ്ദേഹം തുറന്നെഴുതിയത്.
മറൈൻ ലോജിസ്റ്റിക്സ് ഷിപ്പിങ്ങിൽ വിദഗ്ധനാണ് പോർട്ട് ക്യാപ്ടൻ കൂടിയായ മാർഷൽ എഡ്വാർഡ്. 20 വർഷത്തിലേറെയായി ഷിപ്പിങ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചെന്നൈ സ്വദേശിയാണ് അദ്ദേഹം.
പോർട്ട് ക്യാപ്ടൻ മാർഷൽ എഡ്വാർഡിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:
ആവർത്തിച്ച് പറയേണ്ട ഒരു കാര്യമുണ്ട്. തീരദേശ സുരക്ഷ എന്നാൽ ഒരു ഭീകരാക്രമണം തടയുക എന്നല്ല അർത്ഥമാക്കുന്നതെന്ന് നയരൂപകർത്താക്കൾ മനസിലാക്കണം. മലിനീകരണ ദുരന്തങ്ങളുടെ ആഘാതം വളരെ ഗുരുതരമാണ്. അതിൽ പാരിസ്ഥിതിക നാശം മാത്രമല്ല ഉൾപ്പെടുന്നത്. പലരുടെയും ഉപജീവന മാർഗങ്ങളും കൂടെ നഷ്ടമാകുന്നുണ്ട്. കൊച്ചി തീരത്ത് സംഭവിച്ചത് പോലുള്ള ഏതൊരു അപകടവും, സുരക്ഷിതവും ആരോഗ്യകരവുമായ പരിസ്ഥിതി, ആഴക്കടലിലെ നാവിഗേഷൻ സുരക്ഷ, തീരദേശ നാവികരുടെ സുരക്ഷ, സമുദ്രജീവികളുടെയും ജൈവ വൈവിധ്യത്തിൻ്റേയും സംരക്ഷണം.. എന്നീ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള സർക്കാരിൻ്റെ കഴിവിൽ ജനങ്ങൾക്കിടയിലും ലോക സമൂഹത്തിനിടയിലും സംശയം ജനിപ്പിക്കും.
അത്തരമൊരു ദുരന്തത്തെ നേരിടുന്നതിൽ കേരളത്തെ തയ്യാറെടുപ്പിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിയുമോ? വിഴിഞ്ഞം മുതൽ മഞ്ചേശ്വരം വരെയുള്ള കേരളാ തീരത്ത് ഏത് തരത്തിലുള്ള മലിനീകരണ പ്രതിരോധ സംവിധാനങ്ങളാണ് ലഭ്യമായിട്ടുള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വ്യവസായ മന്ത്രി പി. രാജീവ്, തീര സംരക്ഷണ ബോർഡുകൾ എന്നിവർക്ക് ഇതിൽ എന്താണ് പറയാനുള്ളത്? തീരപ്രദേശത്ത് ഉടനീളമുള്ള എല്ലാ സമുദ്ര ബോർഡുകൾക്കും ഇത് ബാധകമാണ്.
കടലിലെ എണ്ണ ചോർച്ച (Oil Spill) കൈകാര്യം ചെയ്യുന്ന മാർഗ നിർദേശങ്ങളും പ്രോട്ടോക്കോളുകളും വിശദമായി അവലോകനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഒഴികെയുള്ള ഏജൻസികളുടെ റോളുകളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ളത്. 1993ലെ നാഷണൽ ഓയിൽ സ്പിൽ ഡിസാസ്റ്റർ കണ്ടിജൻസി പ്ലാൻ (NOSDCP) പ്രകാരം, കടലിലെ എണ്ണ ചോർച്ച മൂലമുണ്ടാകുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്ര ഏകോപന അതോറിറ്റി (CCA) കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറലാണ്. ഷിപ്പിംഗ് മന്ത്രാലയം, സമുദ്ര വികസന വകുപ്പ്, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, എണ്ണ കമ്പനികൾ, തുറമുഖ അധികാരികൾ, സംസ്ഥാന നിയമ നിർവഹണ ഏജൻസികൾ തുടങ്ങിയ വൈവിധ്യമാർന്ന ഏജൻസികളെ അദ്ദേഹം ഒരുമിച്ച് കൊണ്ടുവരണം.
യഥാർത്ഥത്തിൽ ഇത്തരത്തിൽ ചോർച്ച സംഭവിക്കുമ്പോൾ പരിഹാര നടപടി സ്വീകരിക്കേണ്ടത് കോസ്റ്റ് ഗാർഡും മറ്റു കേന്ദ്ര ഏജൻസികളും മാത്രമാണ് എന്നൊരു പൊതു ധാരണയുണ്ട്. എന്നാൽ തീരദേശ മേഖലയിൽ ഒരു അപകടമുണ്ടായാൽ ആദ്യം പ്രതികരിക്കുന്നത് സംസ്ഥാന ഏജൻസികളും തുറമുഖ അധികാരികളുമാണ്. കടലിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംസ്ഥാനങ്ങളുടെ വിമുഖതയും, ചിലർക്ക് മാത്രമേ പരിഹാര നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന തെറ്റിദ്ധാരണയും യോജിച്ചുള്ള രക്ഷാ പ്രവർത്തനത്തിൻ്റേയും ശുചീകരണ പ്രവർത്തനത്തിൻ്റേയും ഫലപ്രാപ്തി ഇല്ലാതാക്കുന്നു.