
തൃശൂർ പൂമലയില്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങി. നടപടികള്‍ താത്കാലികമായി അവസാനിപ്പിച്ചു. 23ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍ വ്യക്തമാക്കി. പൂമല സ്വദേശി തോമസ് ടിജെയുടെ ഭാര്യയും മക്കളുമാണ് ജപ്തി ഭീഷണി നേരിട്ടത്. ജപ്തി നടപടിയെക്കുറിച്ച് ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
23ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിടാനുള്ള കേരള ബാങ്ക് അധികൃതരുടെ ശ്രമം കുടുംബാംഗങ്ങള്‍ പ്രതിരോധിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് കുടുംബം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വടക്കാഞ്ചേരി കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് കമ്മീഷണറുമാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. ലോണ്‍ തുക തിരികെ അടയ്ക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ജപ്തി നടപടികളുമായി ബാങ്ക് നേരിട്ട് എത്തിയത്.
തോമസ് ടിജെ മകളുടെ വിവാഹ ആവശ്യത്തിനും മറ്റുമായി 2017ലാണ് ലോണെടുക്കുന്നത്. 13 ലക്ഷം രൂപയായിരുന്നു എടുത്തിരുന്നത്. 2022ല്‍ തോമസ് ടിജെ അസുഖബാധിതനായി മരണപ്പെട്ടു. തുടര്‍ന്ന് ഈ ലോണിന്റെ ബാക്കി തുക തിരികെ അടയ്ക്കാന്‍ സാധിച്ചിരുന്നില്ല.
തോമസിന്റെ ഭാര്യ കിടപ്പിലായിരുന്നതും മക്കള്‍ക്ക് രണ്ടു പേര്‍ക്കും കാര്യമായ ജോലി ലഭിക്കാത്തതും ലോണ്‍ തിരിച്ചടവിനെ ബാധിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നിര്‍ധനരായ കുടുംബത്തിന് തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണിപ്പോള്‍. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.
'പപ്പ എടുത്ത ലോണ്‍ ആണ്. 13 ലക്ഷമായിരുന്നു ലോണ്‍ തുക. പിന്നീട് അത് 18 ലക്ഷം ആയി. ഇപ്പോള്‍ 45 ലക്ഷം രൂപ ഉണ്ടെന്നാണ് പറയുന്നത്. ഞങ്ങളെ ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമൊന്നുമില്ല. അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. നേരത്തെ വന്ന് പൊലീസ് അറിയിച്ചു പോയിരുന്നെങ്കിലും ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ്,' തോമസിന്റെ മകള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അമ്മ തളര്‍ന്ന് കിടക്കുന്ന പോലെ തന്നെയായിരുന്നു. കിഡ്‌നി പോയിരിക്കുന്ന സാഹചര്യമാണ്. ഹൃദയ സംബന്ധമായ അസുഖമുണ്ട്. ഇപ്പോള്‍ പതുക്കെ എഴുന്നേറ്റ് നടന്നു തുടങ്ങുന്നേ ഉള്ളു. എന്നാല്‍ ലോണ്‍ അടച്ച് തീര്‍ക്കാന്‍ വീട് വില്‍ക്കുന്നതിനായി പലതവണ ശ്രമിച്ചതാണെന്നും തോമസിന്റെ മകന്‍ പറയുന്നു. എന്നാല്‍ അതൊന്നും ശരിയായില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് സാവകാശത്തിന് ശ്രമിച്ചിരുന്നെങ്കിലും അവര്‍ പറയുന്ന സമയത്തിനകത്ത് നിന്ന് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഇതില്‍ നടപടി ഉണ്ടാക്കാന്‍ പരമാവധി ശ്രമിച്ചതാണ്. പക്ഷെ അതൊന്നും നടപടിയായില്ലെന്നും തോമസിന്റെ മകന്‍ പറഞ്ഞു.