
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സെക്രട്ടറിയാണെന്ന വ്യാജേന പൊതുജനങ്ങളേയും സർക്കാർ ഉദ്യോഗസ്ഥരേയും കബളിപ്പിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബന്തു ചൗധരിയെന്ന വിവേകിനെയാണ് ഉത്തർപ്രദേശ് പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
വ്യാജ ഫോൺ കോളുകൾ നടത്തി ഉദ്യോഗസ്ഥരെയും ജനങ്ങളെയും കബളിപ്പിച്ചു എന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. കഴിഞ്ഞ ദിവസം ബസ്‌തിയിലെ ജില്ലാ മജിസ്‌ട്രേറ്റിനെയും, ചീഫ് ഡെവലപ്മെൻ്റ് ഓഫീസറേയും അവരുടെ ഔദ്യോഗിക നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന് പറഞ്ഞ് വിളിച്ചതായി പ്രതി സമ്മതിച്ചു.
ട്രൂകോളറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തി. ഇയാൾക്കെതിരെ ബസ്‌തിയിലെ കോട്‌വാലി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ, അലിഗഢ്, ബൽറാംപുർ, മധുര,കാൺപൂർ നഗർ തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ് .