നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ

കഴിഞ്ഞ ദിവസം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് അറ്റോക്ക് ജയിലിലായിരിക്കെ തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് ഇമ്രാൻ ഖാൻ കുറിച്ചത്
നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തു; പാകിസ്ഥാൻ വിടാനുള്ള അവസരം നിരസിച്ചതായി ഇമ്രാൻ ഖാൻ
Published on

തടവിൽ കഴിയുന്ന തന്നെ മൂന്ന് വർഷത്തേക്ക് നാട് കടത്താമെന്ന് വാഗ്ദാനം ചെയ്തതായി പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മൂന്ന് വർഷത്തേക്ക് രാജ്യം വിടാൻ അവസരം ലഭിച്ചു, എന്നാൽ അത് നിരസിച്ചുവെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് അറ്റോക്ക് ജയിലിലായിരിക്കെ തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് ഇമ്രാൻ ഖാൻ കുറിച്ചത്.

ഞാൻ ജീവിക്കുന്നതും മരിക്കുന്നതും പാകിസ്ഥാനിലായിരിക്കും. എൻ്റെ അവസാന ശ്വാസം വരെ ഞാൻ എൻ്റെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടും, എൻ്റെ രാജ്യവും അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ഇമ്രാൻ ഖാൻ എക്സിൽ കുറിച്ചു. 2023 ആഗസ്റ്റ് മുതൽ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ ബനി ഗാലയിലെ വസതിയിലേക്ക് തന്നെ മാറ്റാമെന്ന വാഗ്ദാനവുമായി പരോക്ഷമായി സമീപിച്ചതായി ഇമ്രാൻ ഖാൻ മാധ്യമപ്രവർത്തകരോട് അറിയിച്ചു.

"എൻ്റെ നിലപാട് വ്യക്തമാണ്. തടവിലാക്കിയ എൻ്റെ പ്രവർത്തകരെയും നേതാക്കളെയും ആദ്യം മോചിപ്പിക്കൂ, അതിനുശേഷം മാത്രമേ ഞാൻ എൻ്റെ വ്യക്തിപരമായ സാഹചര്യം പരിഗണിക്കുകയുള്ളൂ," ഇമ്രാൻ ഖാൻ എക്സിൽ കുറിച്ചു.

2018നും 2022 നും ഇടയിൽ 3 വർഷത്തിലധികം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്‍ ഒന്നര വർഷത്തിലേറെയായി തടവിലാണ്. ഇമ്രാനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്. വഞ്ചനയും അഴിമതിയും മുതൽ നശീകരണവും തീകൊളുത്തലും വരെയുള്ള ഡസൻ കണക്കിന് കേസുകളാണ് ഭരണകൂടം ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത്. രാജ്യദ്രോഹ കുറ്റവും ആരോപിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്‍റെ രാഷ്ട്രീയ തിരിച്ചുവരവ് തടയാനാണെന്നാണ് ഇമ്രാന്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com