2020ന് ശേഷം ആദ്യമായി പലിശ നിരക്ക് കുറച്ച് അമേരിക്കൻ ഫെഡറൽ റിസർവ്

അമേരിക്കയിലെ പലിശ നിരക്കാണ് കുറച്ചതെങ്കിലും, ഈ മാറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്
2020ന് ശേഷം ആദ്യമായി പലിശ നിരക്ക് കുറച്ച് അമേരിക്കൻ ഫെഡറൽ റിസർവ്
Published on

2020ന് ശേഷം ആദ്യമായി പലിശ നിരക്ക് കുറച്ച് അമേരിക്കൻ ഫെഡറൽ റിസർവ്. പലിശ നിരക്ക് അര ശതമാനമാണ് കുറച്ചത്. പുതിയ തീരുമാനം ഇന്ത്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാകും ഉണ്ടാക്കുക എന്നാണ് വിലയിരുത്തൽ. രൂപയുടെ മൂല്യം വർധിക്കാൻ ഇടയാക്കുക മാത്രമല്ല, ഇന്ത്യയിലെ വിദേശ നിക്ഷേപം കൂടാനും ഈ തീരുമാനം ഇടയാക്കും.

അമേരിക്കൻ ഫെഡ് റിസർവ് യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള നിർണായക തീരുമാനം ഉണ്ടായത്. പലിശ നിരക്ക് കുറച്ചതോടെ വായ്പാ നിരക്കുകളും കുറയും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നടപ്പാക്കിയ പദ്ധതികളും ഇതോടെ ലഘൂകരിക്കും. അമേരിക്കയിലെ പലിശ നിരക്കാണ് കുറച്ചതെങ്കിലും, ഈ മാറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ വർധനയുണ്ടാകും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. യുഎസ് പലിശനിരക്ക് ഉയർന്നിരിക്കുമ്പോൾ നിക്ഷേപകർ യുഎസ് ട്രഷറി സെക്യൂരിറ്റികളെയാകും ആശ്രയിക്കുക. എന്നാൽ പലിശ നിരക്ക് കുറയുന്നതോടെ സെക്യൂരിറ്റികളിലെ വരുമാനം കുറയും. ഇതോടെ ഇന്ത്യൻ ഇക്വിറ്റികളിലും ഡെറ്റ് മാർക്കറ്റുകളിലും ഉൾപ്പെടെ വരുമാനം തേടാനാകും നിക്ഷേപകർ ശ്രമിക്കുക.

കൂടാതെ വിദേശ നിക്ഷേപകർ അവരുടെ കറൻസികൾ രൂപയാക്കി ആക്കി മാറ്റാനുള്ള സാധ്യതയും ഏറെയാണ്. ഇതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കും കൂടും. ഫെഡ് നിരക്ക് കുറച്ചത് ഇന്ത്യൻ ഐടി സെക്ടറിൽ വൻ കുതിപ്പുണ്ടാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ചെലവും കുറയും. എന്നാൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com