
മരണത്തിനും മോചനത്തിനുമിടയിലെ 471 ദിവസം സായുധസംഘത്തിന്‍റെ പിടിയില്‍ കഴിഞ്ഞ മൂന്നുസ്ത്രീകള്‍ ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 7ലെ ആക്രമണത്തില്‍ ബന്ദികളാക്കിയവരില്‍ ജീവനോടെ തിരിച്ചെത്തിയ ഇവർ, നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം ഉറ്റവരുമായി ഒന്നിച്ചു.
31 കാരിയായ ഡോറന്‍ സ്ട്രെയ്ൻബ്രെഷെർ, 28കാരിയായ എമിലി ഡമാരി, 24 കാരിയായ റോമി ഗോനെൻ എന്നീ സ്ത്രീകളെയാണ് ആദ്യദിനം ഹമാസ് മോചിപ്പിച്ചത്. ഞായറാഴ്ച ഇന്ത്യന്‍ സമയം, രാത്രി ഏഴരയോടെ ഗാസ ഇസ്രയേല്‍ അതിർത്തിയിലെ മീറ്റിംഗ് പോയിന്‍റില്‍വെച്ച് റെഡ് ക്രോസ്, ഹമാസില്‍ നിന്ന് ബന്ദികളെ സ്വീകരിച്ചു. തുടർന്ന് ഇസ്രയേല്‍ സൈന്യത്തിന് കൈമാറിയ ബന്ദികളെ ആദ്യമെത്തിച്ചത് ഷെബ മെഡിക്കല്‍ സെന്‍ററിലേക്കാണ്. മാനസികാരോഗ്യവിദഗ്ദരുടേതടക്കം നേതൃത്വത്തില്‍ നടന്ന പ്രാഥമിക വൈദ്യപരിശോധനയ്ക്കുശേഷം മൂവരും ഉറ്റവരുമായി ഒന്നിച്ചു.
വെറ്ററിനറി നഴ്‌സായ ഡോറൺ സ്ട്രെയ്ൻബ്രെഷെറും, ബ്രിട്ടീഷ്-ഇസ്രയേൽ പൗരത്വമുള്ള എമിലി ഡമാരിയും ഹമാസിന്‍റെ 2023 ഒക്ടോബർ 7 ആക്രമണത്തില്‍ വടക്ക്-പടിഞ്ഞാറൻ ഗാസ അതിർത്തിയിലെ കഫാർ ആസയില്‍ നിന്ന് ബന്ദികളാക്കപ്പെട്ടവരാണ്.
സായുധസംഘം അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങളിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തുമ്പോള്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു ഡോറൺ. ഈസമയം, വാട്സ്ആപ്പിലൂടെ കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിക്കുകയായിരുന്നു അവർ. അങ്ങനെയൊരു ഫോണ്‍ കോളിനിടെ, 'അവർ എന്നെ പിടികൂടി' എന്ന ഡോറന്‍റെ നിലവിളിയാണ് കുടുംബം അവസാനമായി കേട്ടത്.
28 കാരിയായ എമിലിക്ക് ആക്രമണത്തിനിടെ കയ്യില്‍ വെടിയേറ്റ് രണ്ട് വിരലുകള്‍ നഷ്ടമായി. ഈ സമയം, എമിലിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമികൾക്ക് ആ മുറിയിലേക്ക് പ്രവേശിക്കാനായില്ല. ബന്ദിയാക്കപ്പെടുന്നതിനുമുന്‍പ് അമ്മയ്ക്കായിരുന്നു എമിലി അവസാന സന്ദേശമയച്ചത്. തിരിച്ചെത്തുമ്പോള്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വളർത്തുനായയെക്കുറിച്ചുള്ള ദുഃഖമാണ് ഇരുവരുമാദ്യം പങ്കുവെച്ചത്.
തെക്കന്‍ ഇസ്രയേലിലെ നെഗേവില്‍ നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് റോമി ഗോനെന്‍ ഹമാസിന്‍റെ പിടിയിലായത്. രണ്ട് കിലോമീറ്റർ അതിർത്തി കടന്നെത്തിയ സംഘം സംഗീതപരിപാടിയിലേക്ക് നടത്തിയ ആക്രമണത്തില്‍ 360-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മകളുമായുള്ള അവസാന ഫോണ്‍ സന്ദേശത്തില്‍ നിലവിളികളും വെടിയൊച്ചകളും കേട്ടതിനെക്കുറിച്ച് റോമിയുടെ മാതാപിതാക്കള്‍ക്ക് ഇന്നും മറക്കാനായിട്ടില്ല.
ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ കരാർ പ്രകാരം, ആദ്യഘട്ടത്തില്‍ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട 3 പേരടക്കം 33 ബന്ദികളെയാണ് ഹമാസ് ഇസ്രയേലിന് കൈമാറുക. ഒന്നാംഘട്ടമായ ആറ് ആഴ്ചയ്ക്കുള്ളില്‍ ഇവരുടെ മോചനമുണ്ടാകുമെന്നാണ് ധാരണ. വെടിനിർത്തല്‍ കരാർ ഒപ്പിടുമ്പോള്‍ ഹമാസ് 15 മാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയ 250 ബന്ദികളില്‍ 94 പേരെങ്കിലും ജീവനോടെ അവശേഷിക്കുന്നു എന്നാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. എന്നാല്‍ അവശേഷിക്കുന്നവരുടെ എണ്ണം 60 വരെ മാത്രമാകാനുള്ള സാധ്യതയും ഇസ്രയേല്‍ തള്ളുന്നില്ല.