മുഖം മൂടി ധരിച്ചെത്തിയ സംഘം ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി; കവർന്നത് ഒൻപത് ലക്ഷം

പലരിൽ നിന്നായി കടം വാങ്ങിയ ഒൻപത് ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്
മുഖം മൂടി ധരിച്ചെത്തിയ സംഘം ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി; കവർന്നത് ഒൻപത് ലക്ഷം
Published on


കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്നതായി പരാതി. ഏച്ചൂർ കമാൽ പീടിക സ്വദേശി പി.പി. റഫീഖാണ് പരാതി നൽകിയത്. ബെംഗളൂരുവിലെ ബേക്കറി ഉടമയായ റഫീഖ്, ബാംഗ്ലൂരിൽ നിന്നും സ്വകാര്യ ബസിൽ ഏച്ചൂരിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെന്നാണ് റഫീഖ് പറയുന്നത്.

മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബാഗ് നല്കാൻ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് മർദിക്കുകയായിരുന്നു.. കൊല്ലുമോ എന്ന ഭയത്തിൽ ആണ് ബാഗ് നൽകിയത് എന്നും, സംഭവത്തിൽ ബാംഗ്ലൂരിലെ കടയിലെ ജീവനക്കാരനെ സംശയം ഉണ്ടെന്നും റഫീഖ് പറഞ്ഞു.

പണയത്തിലിരുന്ന സ്വർണം എടുക്കാനുള്ള തുകയാണ് സംഘം തട്ടിയെടുത്തത്. പലരിൽ നിന്നായി കടം വാങ്ങിയ ഒൻപത് ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. മർദിച്ച് പണം കവർന്നതിന് ശേഷം സംഘം വഴിയിൽ ഉപേക്ഷിച്ച് കടന്നുവെന്നും റഫീഖ് പറഞ്ഞു.

ആക്രമണത്തിൽ പരുക്കേറ്റ റഫീഖ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചക്കരക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com