
പ്രതിപക്ഷ ആവശ്യത്തെ തള്ളി തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും.
നിയമസഭയിൽ ചർച്ച കൂടാതെ പാസ്സാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളി ഗവർണർ ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ നേരത്തെ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അധ്യക്ഷനായി അഞ്ചംഗ ഡീലിമിറ്റേഷൻ കമ്മീഷനാണ് രൂപീകരിച്ചത്. 2019 ൽ തദ്ദേശ വാർഡ് വിഭജനത്തിന് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ഗവർണർ ഒപ്പുവെച്ചിരുന്നില്ല.
ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ടെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ ബില്ല് പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സർക്കാരിന് ആശ്വാസമാകുന്നതാണ് ഗവർണറുടെ തീരുമാനം.