ശശി തരൂരിന്റെ ലേഖനത്തിൽ കോൺഗ്രസ്‌ നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നു: എൽഡിഎഫ്

"വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങളെ പാടെ തള്ളുക വഴി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ അടക്കമുള്ളവർ കേരളത്തിന്‌ തന്നെ എതിരാകുന്ന സ്ഥിതിയാണ്‌ കാണുന്നത്‌"
ശശി തരൂരിന്റെ ലേഖനത്തിൽ കോൺഗ്രസ്‌ നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നു: എൽഡിഎഫ്
Published on

ശശി തരൂർ എംപി തന്റെ ലേഖനത്തിൽ പറഞ്ഞ കേരളത്തിലെ വികസന യാഥാർഥ്യങ്ങളുടെ പേരിലുള്ള കോൺഗ്രസ്‌ നേതാക്കളുടെ കോലാഹലങ്ങൾ അതിരുവിടുന്നുവെന്ന്‌ എൽഡിഎഫ്‌. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങളെ പാടെ തള്ളുക വഴി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ അടക്കമുള്ളവർ കേരളത്തിന്‌ തന്നെ എതിരാകുന്ന സ്ഥിതിയാണ്‌ കാണുന്നതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും എൽഡിഎഫ്‌ കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

"കേരളത്തിന്‌ പുറത്തുള്ളതും ആർക്കും ലഭ്യമാകുന്നതുമായ പഠനങ്ങളുടേയും ഡാറ്റകളുടേയും അടിസ്ഥാനത്തിലാണ്‌ വ്യവസായ കുതിപ്പിനെ കുറിച്ച്‌ തരൂർ പറഞ്ഞത്‌. തരൂരിനെ തള്ളിപ്പറയാനായി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോൺഗ്രസ്‌ ഏറ്റെടുക്കുന്നത്‌ അപകടകരമാണ്‌. യുഡിഎഫിലെ തന്നെ പല ഘടകകക്ഷികളും ഇത്‌ അംഗീകരിക്കുന്നില്ലെന്നാണ്‌ വാർത്തകളിൽ നിന്ന്‌ മനസിലാകുന്നത്‌. കോൺഗ്രസ്‌ അടിയന്തരമായി ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണം," എൽഡിഎഫ്‌ കൺവീനർ ആവശ്യപ്പെട്ടു.

"ശശി തരൂർ വർക്കിംഗ്‌ കമ്മിറ്റിയംഗത്വം രാജിവെച്ച ശേഷമേ വസ്തുതകൾ പറയാവൂ എന്നതടക്കമുള്ള പ്രസ്താവനകൾ കോൺഗ്രസ്‌ നേതാക്കളിൽ നിന്ന്‌ വന്നു കഴിഞ്ഞു. എന്താണ്‌ അത്‌ അർത്ഥമാക്കുന്നത്‌? കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ സത്യം പറയരുത്‌ എന്നാണോ. എൽഡിഎഫിന്റേയോ സിപിഐ എമ്മിന്റേയോ സംസ്ഥാന സർക്കാരിന്റെ തന്നെയൊ കണക്കുകളോ രേഖകളോ ഉദ്ധരിച്ചല്ല തരൂരിന്റെ ലേഖനം. സ്റ്റാർട്ടപ്പുകളെ കുറിച്ചുള്ള അന്തരാഷ്‌ട്ര തലത്തിലുള്ള ഡാറ്റയും ഈസ്‌ ഓഫ്‌ ഡൂയിംഗ്‌ ബിസിനസ്‌ സംബന്ധിച്ച്‌ ദേശീയാടിസ്ഥാനത്തിലുള്ള രേഖകളുമാണ്‌ തരൂർ പറഞ്ഞതിന്റെ അടിസ്ഥാനം. ഇത്‌ നേരത്തേ തന്നെ സമൂഹത്തിന്റെ മുന്നിലുള്ള കാര്യമാണ്‌. എന്നാൽ, പല മാധ്യമങ്ങളും കേരളത്തിന്റെ ഇത്തരം മുന്നേറ്റങ്ങളെ മറച്ചുവയ്ക്കുകയാണ്‌ ചെയ്തത്‌," ടി.പി. രാമകൃഷ്ണൻ വിമർശിച്ചു.

"രാഷ്‌ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും യാഥാർഥ്യങ്ങൾ കാണാൻ തയ്യാറായില്ലെങ്കിൽ ജനങ്ങൾ ഒപ്പം നിൽക്കില്ലെന്ന വസ്തുത പ്രതിപക്ഷം മനസിലാക്കുന്നില്ല. തരൂർ കേരളത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി സത്യം തുറന്നു പറഞ്ഞു. ലേഖനം വന്ന്‌ മൂന്നാം ദിവസവും മാധ്യമങ്ങൾക്ക്‌ മുന്നിൽ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുക മാത്രമല്ല, ലേഖനത്തിൽ പറഞ്ഞ ഏതെങ്കിലും കാര്യം തെറ്റാണെങ്കിൽ ചൂണ്ടിക്കാണിക്കാൻ കോൺഗ്രസ്‌ നേതാക്കളെ വെല്ലുവിളിച്ചു. ഒരു കോൺഗ്രസ്‌ നേതാവിനും അത്‌ കഴിഞ്ഞിട്ടില്ല, പകരം തരൂരിനെ അടച്ചാക്ഷേപിക്കുകയാണ്‌. തരൂർ പതിവായി തെറ്റ്‌ എഴുതുന്ന ആളാണെന്ന് വരെ കോൺഗ്രസ്‌ വൃത്തങ്ങളിൽ നിന്ന്‌ ആക്ഷേപിക്കുന്നു. കേരളത്തിലെ വ്യവസായ മേഖലയുടെ മുന്നേറ്റം കുറിക്കുന്ന വസ്തുതകൾ പറയുന്ന ലേഖനത്തിന്റെ പേരിൽ തരൂരിനെ ഉന്നം വയ്ക്കുന്നവർക്ക്‌ മറ്റ്‌ ലക്ഷ്യങ്ങൾ കാണാം. പക്ഷെ, കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം തന്നെ ഈ വിഷയത്തിൽ തരൂരിനെ പഴിക്കുന്നതിലൂടെ സ്വന്തം നാടിന്‌ എതിരാകുന്ന സ്ഥിതിയുണ്ടാവരുത്," എൽഡിഎഫ്‌ കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com