
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. കനത്ത മഴയെയും മിന്നലിനെയും തുടര്‍ന്നാണ് ഗാബയിലെ മത്സരം സമനിലയില്‍ പിരിയാന്‍ ഇന്ത്യ, ഓസ്ട്രേലിയ ക്യാപ്റ്റന്മാര്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചതിനു പിന്നാലെ, ഓസീസ് രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 89 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയെങ്കിലും രണ്ട് ഓവര്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. മഴ കനത്തതോടെ, നിര്‍ത്തിവെച്ച മത്സരം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഓസീസ് 445 റണ്‍സ് നേടിയിരുന്നു. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയെങ്കിലും, 260 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. വാലറ്റത്ത് ആകാശ് ദീപും ജസ്പ്രീത് ബുംറയും ചേര്‍ന്നുള്ള ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 31 റണ്‍സെടുത്ത ആകാശിന്റെ വിക്കറ്റ് വീണു. ബുംറ പത്ത് റണ്‍സുമായി പുറത്താകാതെ നിന്നതോടെ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സിന് അവസാനമായി.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കാനായില്ല. ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 18 ഓവര്‍ മാത്രം ബാറ്റ് ചെയ്ത ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അവസാന ദിവസം, 54 ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 275 റണ്‍സ്. എന്നാല്‍, ഗാബയില്‍ മൂന്നാം ടെസ്റ്റിന്റെ തുടക്കം മുതല്‍ വെല്ലുവിളിച്ചുകൊണ്ടിരുന്ന മഴ അഞ്ചാം ദിനം കനത്ത ഭീഷണിയായി. ആകാശം കറുത്തിരുണ്ട് മിന്നലോടെ മഴ പെയ്തു തുടങ്ങിയതോടെ, കളി തുടരാനാവാത്ത സാഹചര്യമായി. തുടര്‍ന്നാണ് രണ്ട് ക്യാപ്റ്റന്മാരും ചേര്‍ന്ന് മത്സരം സമനിലയില്‍ പിരിയുന്നതില്‍ തീരുമാനമെടുത്തത്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയെങ്കിലും, രണ്ട് ഓവര്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. യശസ്വി ജയ്സ്വാളും (4), കെ.എല്‍ രാഹുലും (4) ക്രീസില്‍ നില്‍ക്കവെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലാണ്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും അഡലെയ്‌ഡിലെ രണ്ടാം ടെസ്റ്റില്‍ ഓസീസും ജയിച്ചിരുന്നു. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഗാബയിലെ റിസല്‍ട്ട്. ഇതോടെ, ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. രണ്ടും ജയിച്ചെങ്കില്‍ മാത്രമേ, ഇന്ത്യയുടെ ഫൈനല്‍ സ്വപ്നം സാധ്യമാകൂ. ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലാണ് നാലാമത്തെ മത്സരം. ജനുവരി മൂന്ന് മുതല്‍ സിഡ്നിയിലാണ് അവസാന ടെസ്റ്റ് മത്സരം.