
കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെതിരെ അതിക്രമം കാട്ടിയ സംഭവത്തിൽ പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാമ്പിലെ മെസ് ഡ്രൈവർ സന്തോഷ് കുമാർ കെ ആണ് അറസ്റ്റിലായത്. ഇന്ധനം നിറച്ചതിന് പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിലിരുത്തി വാഹനം ഓടിച്ചു പോകുകയായിരുന്നു. എൻകെബിടി പെട്രോൾ പമ്പ് ജീവനക്കാരൻ അശോകനാണ് പൊലീസുകാരനായ സന്തോഷിൻ്റെ അതിക്രമത്തിനിരയായത്.
ഇന്ധനം നിറച്ച് പണം നൽകാതെ പോകുന്നത് തടഞ്ഞപ്പോഴായിരുന്നു ഇയാളുടെ അതിക്രമം. പണം നൽകാതെ പോയ കാറിന് മുന്നിൽ കയറി നിന്ന ജീവനക്കാരനെ പരിഗണിക്കാതെ ഇയാൾ കാർ മുന്നോട്ടെടുക്കുകയും കാറിൻ്റെ ബോണറ്റിലേക്ക് വീണു പോയ ജീവനക്കാരനേയും കൊണ്ട് കാർ ഓടിച്ചു പോവുകയും ചെയ്യുകയായിരുന്നു.