
ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ അന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ജൂൺ 9 നു ജമ്മു കശ്മീരിലെ രസോയിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ ഉത്തരാഖണ്ഡ്, രാജസ്ഥാൻ,ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരുണ്ടായ ബസ് ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ 3 സ്ത്രീകളുൾപ്പടെ 9 പേർ കൊല്ലപ്പെട്ടിരുന്നു. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന 53 സീറ്റുകളുള്ള ബസിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണം കൈമാറിയത്. രസോയി ജില്ലയിൽ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെയും കേന്ദ്രഭരണ പ്രദേശത്തുണ്ടായ മറ്റ് ചില ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്രം യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
ജൂൺ 11 ന്, ഭദേർവ ചാറ്റർഗല്ലയിലെ രാഷ്ട്രീയ റൈഫിൾസിൻ്റെയും പോലീസിൻ്റെയും സംയുക്ത ചെക്ക്‌പോസ്റ്റിനു നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ, ജൂൺ 12 ന് ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ ഒരു തിരച്ചിൽ സംഘം ആക്രമിക്കപ്പെടുകയും, ഒരു പോലീസുകാരനുൾപ്പെടെ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂൺ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവിധ തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.