
എറണാകുളം എആർ ക്യാംപിൽ വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത് പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. പൊലീസ് ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ്വ് സബ് ഇൻസ്പെക്ടർ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കെതിരെയൊണ് നടപടിക്ക് സാധ്യത.
കഴിഞ്ഞ ദിവസമാണ് എറണാകുളം എആർ ക്യാംപിൽ വെടിയുണ്ട ചട്ടിയിലിട്ട് വറുത്തപ്പോൾ പൊട്ടിത്തെറിച്ചത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്ക് വെടിവെക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് സബ് ഇൻസ്പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് വറുത്തത്. എറണാകുളം എആർ ക്യാംപിൻ്റെ അടുക്കളയിലാണ് സ്ഫോടനമുണ്ടായത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ്വ് സബ് ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് എതിരെ നടപടിയുണ്ടായേക്കും.
ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ്റെ സംസ്കാര ചടങ്ങുകൾക്കായി ഈ മാസം 10ന് ഉണ്ടകൾ എടുത്തപ്പോഴാണ് സംഭവം. ആയുധപ്പുരയുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ബ്ലാക്ക് അമ്യൂണിഷൻ വെയിലത്ത് വെച്ച് ചൂടാക്കിയ ശേഷം വൃത്തിയാക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ സംസ്കാര ചടങ്ങുകൾക്കായി പെട്ടെന്ന് തയ്യാറാകാൻ വേണ്ടിയാണ് വെടിയുണ്ട ചട്ടിയിലിട്ട് വറുത്തെന്നാണ് വിവരം.
വെടിമരുന്നിന് തീപിടിച്ചതോടെ ഉണ്ടകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലത്ത് പൊലീസിൻ്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷ വീഴ്ച അതീവ ഗൗരവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്.