
കണ്ണൂർ ഇരിട്ടി പൂവംകടവിൽ കാണാതായ വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം കാണാതായ ചക്കരക്കൽ സ്വദേശി സൂര്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികളുടെ സഹായത്തോടെ ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘം എന്നിവർ സൂര്യയ്ക്കായുള്ള തെരച്ചിൽ തുടരുന്നു.
ജൂലൈ രണ്ടിനാണ് സുഹൃത്തിൻ്റെ വീട്ടിൽ വിരുന്നിനെത്തിയ ഷഹർബാനും സൂര്യയും ഇരിട്ടി പൂവംകടവിൽ പുഴ കാണാൻ എത്തുന്നത്. ഇരിക്കൂർ കല്യാട് സിബ്‌ഗ കോളേജ് വിദ്യാർഥിനികളാണ് ഇരുവരും. പുഴയ്ക്കരികിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ ഇവർ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ പൊലീസും ഫയർഫോഴ്‌സും സംഘവും സ്ഥലത്തെത്തി. എന്നാൽ പഴശ്ശി അണക്കെട്ട് തുറന്ന സാഹചര്യത്തിൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അപകടം നടന്ന ദിവസം രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഷഹർബാൻ്റെ മൃതദേഹം കണ്ടെടുത്തതോടെ സൂര്യയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്.