
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. എന്ത് അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാറിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്നതിൽ നാളെ നിലപാടറിയിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ മാസം 14ന് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ദേവികുളം, ഉടുമ്പൻചോല, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ഭീഷണി. പിന്നീട് ഈ ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റ ഉത്തരവും ഇറങ്ങി. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സ്ഥലം മാറ്റാനുണ്ടായ സാഹചര്യം അറിയിക്കാനും കോടതി ഉത്തരവിട്ടു.
പള്ളിവാസലിൽ നിർമാണം നടക്കുന്ന വർഗീസ് കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് എൻഒസി നൽകിയത് സംബന്ധിച്ചും കോടതി റിപ്പോർട്ട് തേടി. ജില്ലാ ലീഗൽ ഓഫിസർ എൻഒസി നൽകരുതെന്ന് അറിയിച്ചിട്ടും കളക്ടറെ മറികടന്ന് ഡെപ്യൂട്ടി കളക്ടർ നടപടി സ്വീകരിച്ചതെങ്ങനെയെന്ന് അറിയിക്കണമെന്നും കോടതി ചൂണ്ടികാട്ടി. മൂന്നാറിൽ ഭൂമി ഡിജിറ്റൽ സർവേ നടത്തുന്നത് യഥാർത്ഥ പട്ടയമാണോയെന്ന് പരിശോധിച്ചതിന് ശേഷമാകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. വ്യാജ പട്ടയവും മൂന്നാറിലെ ഭൂമി പ്രശ്നവും സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമറിയിക്കാനാണ് കോടതി ഉത്തരവ്.