പോര് മുറുകുന്നു;ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; തിരിച്ചടിച്ച് കാനഡയും

ഒക്‌ടോബർ 19-ന് രാത്രി 11.59 ന് മുമ്പ് ഇന്ത്യ വിടണമെന്നാണ് നിർദേശം
പോര് മുറുകുന്നു;ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; തിരിച്ചടിച്ച് കാനഡയും
Published on

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആക്ടിങ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അടക്കം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ്  പുറത്താക്കിയത്.

സ്റ്റുവര്‍ട്ട് റോസ് വീലര്‍, പാട്രിക് ഹെബര്‍ട്ട്, മേരി കാതറിന്‍ ജോളി, എം. ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ആദം ജെയിംസ് ചുപ്ക, പോള ഓര്‍ജുവേല, എന്നിവരെയാണ് പുറത്താക്കിയത്.  ഒക്‌ടോബർ 19-ന് രാത്രി 11.59 ന് മുമ്പ് ഇന്ത്യ വിടണമെന്നാണ് നിർദേശം. 

ഇതിനു പിന്നാലെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കൊണ്ട് കാനഡയും തിരിച്ചടിച്ചു. സഞ്ജയ് കുമാർ വർമ അടക്കം ആറ് പേരെയാണ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പുറത്താക്കിയത്. 

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിൽ കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ സഞ്ജയ് കുമാർ വർമ അടക്കമുള്ളവർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കാനഡ ഇന്ത്യയ്ക്ക് കത്തെഴുതിയതാണ് പ്രകോപനത്തിനിടയാക്കിയത്. സഞ്ജയ് കുമാര്‍ വര്‍മയെയും മറ്റ് നയതന്ത്രജ്ഞരെയും നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കാനഡയുടെ കത്ത് കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ചത്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ അജണ്ടകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.


2023 സെപ്റ്റംബറിലാണ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. അന്ന് തന്നെ ഇന്ത്യ ആരോപണം നിഷേധിച്ചിരുന്നു. അതിനു ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സുഖകരമായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതോടെ, കാനഡയിലുള്ള മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവിയും ആശങ്കയിലാകും.

2023 ജൂണ്‍ 18നാണ് സര്‍റേയിലെ ഗുരുദ്വാരക്ക് പുറത്ത് കനേഡിയന്‍ പൗരനായ നിജ്ജാര്‍ വെടിയേറ്റു കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ വലിയ പ്രതിഷേധങ്ങളും കാനഡയില്‍ നടന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com