പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

സഹ നിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍.
പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്
Published on


നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അസസ്‌മെന്റ് വിഭാഗമാണ് നോട്ടീസ് അയച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളുടെ പ്രതിഫലം സമ്പന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ സിനിമകളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹ നിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതിനെ കുറിച്ചാണ് വ്യക്തമാക്കേണ്ടത്. ഏപ്രില്‍ 29 നകം കാര്യങ്ങള്‍ വിശദീകരിക്കണമെന്നും സ്വാഭാവിക നടപടി മാത്രമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. തോപ്പുംപടിയിലെ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവില്‍ പൃഥ്വിരാജ് ഇന്ത്യക്ക് പുറത്താണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം എമ്പുരാന്റെ സഹ നിര്‍മാതാവായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഗോകുലം ഗോപാലന്‍ എറണാകുളത്തെ ഹോളിഡേ ഇന്‍ എന്ന ഹോട്ടല്‍ വാങ്ങിയതിലെ കണക്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നെന്നാണ് ഇഡി കഴിഞ്ഞ ദിവസം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നതെന്നാണ് വിവരം.

എമ്പുരാന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗോകുലം ഗോപാലനും പൃഥ്വിരാജിനുമെതിരായ നടപടി. ചിത്രം റിലീസായതിന് പിന്നാലെ ചിത്രത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ വിവാദമായിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവും വന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ചിത്രം റീസെന്‍സര്‍ ചെയ്യാനായി അയക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com