വർധിക്കുന്ന വന്യജീവി ആക്രമണം; എട്ടു വർഷത്തിനുള്ളിൽ നഷ്ടമായത് 809 ജീവനുകൾ

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച, ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണിയാണ് ഒടുവിലത്തെ ഇര
വർധിക്കുന്ന വന്യജീവി ആക്രമണം; എട്ടു വർഷത്തിനുള്ളിൽ നഷ്ടമായത് 809 ജീവനുകൾ
Published on

സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ 809 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇതിൽ 514 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ 171 പേർക്കും ജീവൻ നഷ്ടമായി. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച, ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണിയാണ് ഒടുവിലത്തെ ഇര.

ജോലിക്ക് പോകുമ്പോൾ, പണി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിനിടയിൽ, തൊഴിൽ സ്ഥലത്ത്, വാഹനമോടിക്കുമ്പോൾ, യാത്രചെയ്യുമ്പോൾ, നടന്നു പോകുമ്പോൾ, പ്രഭാത സവാരിക്കിടയിൽ, കിടന്നുറങ്ങുമ്പോൾ തുടങ്ങി മലയോര മേഖലയിലെ മനുഷ്യന്റെ ജീവിത യാത്രക്കിടയിൽ എപ്പോൾ വേണമെങ്കിലും ഒരു കാട്ടാനയോ കാട്ടുപന്നിയോ, കാട്ടുപോത്തോ, കടന്നലോ മരണവുമായെത്താം.

2017 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 809 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 514 പേർക്ക് പാമ്പു കടിയേറ്റും 171 പേർ കാട്ടാനയുടെ ആക്രമണത്തിലുമാണ് ജീവൻ നഷ്ടമായത്. കാട്ടുപന്നി കാരണം 50 പേർക്കും, കടന്നൽ അല്ലെങ്കിൽ തേനീച്ചയുടെ കുത്തേറ്റ 42 പേർക്കും മരണം സംഭവിച്ചു. കടുവയുടെ ആക്രമണത്തിൽ എട്ട് മനുഷ്യ ജീവനാണ് ഇല്ലാതായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒൻപത് പേർക്കും ജീവൻ നഷ്ടമായി.

മരണം മാത്രമല്ല മനുഷ്യന്റെ ജീവിതം തകർക്കുന്ന നഷ്ടങ്ങൾ പിന്നെയുമുണ്ട്. 2016 മുതൽ 24 വരെ 7646 പേർക്കാണ് വന്യജീവി ആക്രമണത്തിൽ പരുക്കേറ്റത്. 3968 പശുക്കൾ ചത്തു. 54,266 കർഷകരുടെ കൃഷി നശിച്ചു. പലരുടെയും ഉപജീവനമാർഗമാണ് ഇല്ലാതായത്. വന്യജീവി ആക്രമണങ്ങൾ ഒഴിവാക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, കർഷകർക്ക് പരാതികൾ ഏറെയുണ്ട്.

ശാശ്വത പരിഹാരമാണ് വേണ്ടത്. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഭീഷണിയുള്ള സ്ഥലങ്ങളിലെല്ലാം വൈദ്യുതവേലികൾ വേണം. കൂടുതൽ ആർആർടികളും ജീവനക്കാരും ആവശ്യമാണ്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി, പല പദ്ധതികളുടെയും വേഗം കുറയ്ക്കുന്നുണ്ടെങ്കിലും, വന്യജീവി ആക്രമണങ്ങളെ തടയാനുള്ള പദ്ധതികളെ ബാധിക്കരുത് എന്നാണ് കർഷകർ പറയുന്നത്. കാരണം, അതിന് ജീവന്റെ വിലയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com