'പാണ്ഡ്യ സ്വാഗ്'; കോഹ്‌ലിയുടെ റെക്കോര്‍ഡ് തിരുത്തി ഹാര്‍ദിക് പാണ്ഡ്യ

വിമര്‍ശകരുടെ വായടപ്പിക്കാനും ആരാധകരുടെ പ്രിയങ്കരനാകാനും ഒരു മത്സരം മാത്രം മതിയെന്ന് പാണ്ഡ്യ തെളിയിച്ചു
'പാണ്ഡ്യ സ്വാഗ്'; കോഹ്‌ലിയുടെ റെക്കോര്‍ഡ് തിരുത്തി ഹാര്‍ദിക് പാണ്ഡ്യ
Published on

ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ സിക്‌സറോടെ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിയില്‍ നിന്നും സ്വന്തം പേരിലാക്കി ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ആദ്യ ടി-20 മത്സരത്തിലാണ് പാണ്ഡ്യ റെക്കോര്‍ഡ് തിരുത്തിയത്.

നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ പാണ്ഡ്യ ഗ്വാളിയാറിലെ ഇടിവെട്ട് പ്രകടനത്തിലൂടെ അഞ്ചാം തവണയും നേട്ടം സ്വന്തമാക്കി. മത്സരത്തില്‍ മുഴുനീളം പാണ്ഡ്യയുടെ തേരോട്ടത്തിനാണ് കാണികള്‍ സാക്ഷിയായത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും പാണ്ഡ്യയുടെ കരുത്ത് എന്താണെന്ന് എതിരാളികളും കാണികളും കണ്ടു. നാല് ഓവര്‍ എറിഞ്ഞ പാണ്ഡ്യ 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു വിക്കറ്റും സ്വന്തമാക്കി. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 16 പന്തില്‍ പുറത്താകാതെ 39 റണ്‍സും സമ്മാനിച്ചു. രണ്ട് സിക്‌സും അഞ്ച് ഫോറും അടക്കമായിരുന്നു പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്. 243.75 ആണ് സ്‌ട്രൈക് റേറ്റ്.


ബാറ്റിങ്ങിനിടയില്‍ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെയുള്ള 'നോ-ലൂക്ക്' ഷോട്ടും ആവേശമായി. ലക്ഷക്കണക്കിനു പേരാണ് ഈ ഷോട്ടിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ കണ്ടത്. 'എന്താ സ്വാഗ്, എന്താ റിയാക്ഷന്‍' എന്ന് വിമര്‍ശകരെ കൊണ്ട് പറയിപ്പിച്ച മനോഹരമായ ഷോട്ട്.

വിമര്‍ശകരുടെ വായടപ്പിക്കാനും ആരാധകരുടെ പ്രിയങ്കരനാകാനും ഒരു മത്സരം മാത്രം മതിയെന്ന് പാണ്ഡ്യ തെളിയിച്ചു. കൂടുതല്‍ സിക്‌സറുകളോടെ ടി-20 പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡ് മാത്രമല്ല താരം സ്വന്തമാക്കിയത്. ടി-20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ എന്ന നേട്ടവും ഹാര്‍ദിക് സ്വന്തം പേരിലാക്കി. ടി-20 യില്‍ 87 വിക്കറ്റുകള്‍ നേടിയ പാണ്ഡ്യ അര്‍ഷ്ദീപ് സിംഗിനെയാണ് (86) പിന്നിലാക്കിയത്. 96 വിക്കറ്റുകള്‍ നേടിയ യുസ്‌വേന്ദ്ര ചഹാലാണ് പട്ടികയില്‍ ഒന്നാമന്‍.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 25 പന്തില്‍ 27 റണ്‍സും 1 ഫോറും 1 സിക്‌സും മെഹ്ദി ഹസന്‍ മിറാസ് 32 പന്തില്‍ പുറത്താകാതെ 35 റണ്‍സും നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com