India vs England | പരമ്പര തൂത്തുവാരി ഇന്ത്യ; ഇംഗ്ലണ്ടിനെ 142 റണ്‍സിന് തകര്‍ത്തു

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇംഗ്ലണ്ട് 214 ന് ഓള്‍ ഔട്ടായി
India vs England | പരമ്പര തൂത്തുവാരി ഇന്ത്യ; ഇംഗ്ലണ്ടിനെ 142 റണ്‍സിന് തകര്‍ത്തു
Published on

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തോടെ മടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 142 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ആധികാരിക വിജയം നേടിയ ഇന്ത്യക്ക് ഇനി ആത്മവിശ്വാസത്തോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കാം.

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇംഗ്ലണ്ട് 214 ന് ഓള്‍ ഔട്ടായി. ഇന്ത്യക്കു വേണ്ടി ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടി. കോലിയും ശ്രേയസ് അയ്യരും അര്‍ധ സെഞ്ചുറിയും നേടി. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ഗില്ലിന്റെ സെഞ്ചുറിയും കോലിയുടേയും ശ്രേയസിന്റേയും അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായത് തിരിച്ചടിയായി. ഒരു റണ്‍ മാത്രമാണ് രോഹിത്തിന് എടുക്കാനായത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി തിളങ്ങിയ നായകന് ഫോം തുടരാനായില്ല. പിന്നാലെ എത്തിയ ഗില്ലും കോലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ആരംഭിച്ച കൂട്ടുകെട്ടില്‍ ഇന്ത്യയുടെ സ്‌കോര്‍ നൂറ് കടന്നു. 122 റണ്‍സില്‍ നില്‍ക്കേയാണ് കോലിയുടെ വിക്കറ്റ് ആദില്‍ റാഷിദ് നേടുന്നത്. 55 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സാണ് കോലി നേടിയത്. പിന്നാലെയെത്തിയ ശ്രേയസ് അയ്യരും (78) നിരാശപ്പെടുത്തിയില്ല. 112 റണ്‍സ് എടുത്ത ഗില്ലിനേയും ശ്രേയസിനേയും പുറത്താക്കിയതും ആദില്‍ റാഷിദ് തന്നെയാണ്.

കെ.എല്‍. രാഹുല്‍(40), ഹാര്‍ദിക് പാണ്ഡ്യ ( 17) യും നിരാശപ്പെടുത്തിയില്ല. ഇതോടെ ഇന്ത്യയുടെ സ്‌കോര്‍ മുന്നൂറ് കടന്നു. അക്ഷര്‍ പട്ടേല്‍ (13), വാഷിങ്ടണ്‍ സുന്ദര്‍ (14), ഹര്‍ഷിത് റാണ (13) അര്‍ഷ്ദീപ് സിങ് (2) റണ്‍സ് നേടി. നിശ്ചിത ഓവറില്‍ ഇന്ത്യയുടെ റണ്‍സ് 356. ഇന്ത്യയുടെ എണ്ണം പറഞ്ഞ നാല് വിക്കറ്റുകള്‍ നേടിയ ആദില്‍ റാഷിദ് ആണ് ഇംഗ്ലണ്ടിന് തുണയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും ആറ് ഓവറില്‍ ഇംഗ്ലണ്ടിനെ 60 റണ്‍സില്‍ എത്തിച്ചു. 22 പന്തില്‍ 34 റണ്‍സ് നേടിയ ഡക്കറ്റിന്റെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. ഫിലിപ് സാള്‍ട്ട് ( 23) നെ വീഴ്ത്തി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റും നേടി. ടോം ബാന്റണ്‍(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിങ്ങനെ ആര്‍ക്കും തിളങ്ങാനായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com