കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി സൈന്യം

സമീപകാലങ്ങളിൽ നടന്ന തീവ്രവാദപ്രവർത്തനങ്ങളുടെ ഭാഗമായാണ് കനത്ത സുരക്ഷസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്
കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി സൈന്യം
Published on


സ്വാതന്ത്ര്യദിനത്തിനാഘോഷത്തിന് മുന്നോടിയായി ജമ്മുകശ്മീരിൽ വലിയ സുരക്ഷാ സംവിധാനങ്ങളൊരുക്കി ഇന്ത്യൻ സൈന്യം. സമീപകാലങ്ങളിലായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ഭീഷണി കണക്കിലെടുത്താണ് സൈന്യത്തിൻ്റെ നീക്കം. സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ടെന്നും പരേഡ് നടക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ശ്രീനഗറിലെയും ജമ്മുവിലെയും സ്വാതന്ത്ര്യദിന ചടങ്ങുകളുടെ വേദികളിലും പരിസരങ്ങളിലുമാണ് സൈന്യം കനത്ത സുരക്ഷയേർപ്പെടുത്തിയിരിക്കുന്നത്. കശ്മീർ താഴ്വരയുടെ പ്രധാന ജനവാസകേന്ദ്രമായ ശ്രീനഗറിൽ സുരക്ഷാസേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. റോഡ് ബ്ലോക്കുകളും, സൈന്യത്തിൻ്റെ ചെക്കിങ്ങും, നിരീക്ഷണവും തുടരുകയാണ്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിൻ്റെ ഭാഗമായി ശ്രീനഗറിലും പ്രദേശത്തെ മറ്റ് സെൻസിറ്റീവ് ഏരിയകളിലും ധാരാളം സിസിടിവികളും സൈന്യം സ്ഥാപിച്ചിട്ടുണ്ട്.

യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകാതിരിക്കാൻ പ്രധാന സ്വാതന്ത്ര്യ ദിന ചടങ്ങ് നടക്കുന്ന ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ഒന്നിലധികം റൗണ്ട് സുരക്ഷാ പരിശോധനകൾ നടക്കും. സ്റ്റേഡിയത്തിലേക്കെത്തുന്ന എല്ലാ വാഹനങ്ങളിലും കൃത്യമായ പരിശോധന നടത്തിയ ശേഷമേ കടത്തിവിടുകയുള്ളൂ. സുരക്ഷാ കാർഡുകൾ കൈവശമുള്ള ആളുകളെയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.

നഗരത്തിൽ അതീവ ജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷക്കായി പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങളെ അധികൃതർ ചുമതപ്പെടുത്തിയിട്ടുണ്ട് . വ്യോമ നിരീക്ഷണം, മേൽക്കൂരകൾ പരിശോധിക്കൽ, സെൻസിറ്റീവ് മേഖലകളിലെ നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണുകളെയും വിന്യസിച്ചിട്ടുണ്ട്. സമീപകാലങ്ങളിലെ തീവ്രവാദ ആക്രമണത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ശക്തമായ പരിശോധന നടത്തുന്നുണ്ട്.

കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും കശ്മീരിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ത്രിവർണ പതാകയാൽ അലങ്കരിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിൽ നടക്കുന്ന സംസ്കാരിക പരിപാടികളുടെ ഒരുക്കങ്ങളും കശ്മീരിൽ തകൃതിയായി നടക്കുകയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com