ഇസ്രയേൽ-ഇറാൻ സംഘർഷം: "ഇറാനിലേക്ക് അനാവശ്യ യാത്രകൾ വേണ്ട"; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു
ഇസ്രയേൽ-ഇറാൻ സംഘർഷം: "ഇറാനിലേക്ക് അനാവശ്യ യാത്രകൾ വേണ്ട"; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം
Published on

ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് പിന്നാലെ ഇറാനിലേക്ക് അനാവശ്യ യാത്രകൾ വേണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. പ്രദേശത്ത് സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. രാജ്യത്തുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രത പാലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

"ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാതരം അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് നിർദേശിക്കുന്നു. നിലവിൽ ഇറാനിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും അഭ്യർഥിക്കുന്നു," വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലൂടെ വ്യക്തമാക്കി. 


ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇസ്രേയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇറാൻ ചെയ്തത് തെറ്റാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.

മലയാളികൾ ഉൾപ്പെടെ ആക്രമണം നടക്കുന്ന മേഖലയിൽ തുടരുകയാണെന്നാണ് വിവരം. മിസൈൽ ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർദാനിലെ നഗരങ്ങൾക്കു മുകളിലൂടെ ഇസ്രയേലിന് ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈലുകൾ നീങ്ങുന്നതിൻ്റെ ദൃശങ്ങൾ പുറത്തുവന്നിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com