"രാഷ്ട്രീയ ബോധമില്ലാത്ത വംശീയവാദികൾ,"; തേജസ്വി യാദവിൻ്റെ ചൈനീസ് പരാമർശത്തിന് തിരിച്ചടിച്ച് മണിപ്പൂർ മുഖ്യമന്ത്രി

ഹിമന്ത ബിശ്വ ശർമ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയായതുകൊണ്ടാണ് തേജസ്വീ യാദവ് അദ്ദേഹത്തെ ചൈനീസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതെന്നും ബിരേൻ സിങിൻ്റെ പ്രസ്താവനയിൽ പറയുന്നു
"രാഷ്ട്രീയ ബോധമില്ലാത്ത വംശീയവാദികൾ,";
തേജസ്വി യാദവിൻ്റെ ചൈനീസ് പരാമർശത്തിന് തിരിച്ചടിച്ച് മണിപ്പൂർ മുഖ്യമന്ത്രി
Published on

ഇന്ത്യാ സഖ്യത്തിലുള്ളവർ രാഷ്ട്രീയബോധമോ ഭൂമിശാസ്ത്രമോ അറിയാത്ത വംശീയവാദികളെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ആദ്യം സാം പിത്രോദയായിരുന്നു. എന്നാൽ, ഇപ്പോൾ തേജസ്വീ യാദവ് ആണ് വടക്കുകിഴക്കൻ മേഖലയിലുള്ളവരെ വംശീയമായി അധിക്ഷേപിക്കുന്നതെന്നും എൻ. ബിരേൻ സിങ് പറഞ്ഞു. ഹിമന്ത ബിശ്വ ശർമ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയായതുകൊണ്ടാണ് തേജസ്വീ യാദവ് അദ്ദേഹത്തെ ചൈനീസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതെന്നും ബിരേൻ സിങിൻ്റെ പ്രസ്താവനയിൽ പറയുന്നു.

അസമിൽ മുസ്ലീം എംഎൽഎമാർക്ക് നമസ്കാര ഇടവേള റദ്ദാക്കിയ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തരംതാഴ്ന്ന പബ്ലിസിറ്റി നേടാൻ നോക്കുന്നുവെന്നും, യോഗി ആദിത്യനാഥിൻ്റെ ചൈനീസ് പതിപ്പാണെന്നും ആർജെഡി നേതാവായ തേജസ്വീ യാദവ് എക്സിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങിൻ്റെ പ്രസ്താവന. അസമിൽ നമസ്കാര ഇടവേള നിർത്തലാക്കുന്നതോടെ, മുസ്‌ലിം വിഭാ​ഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് തേജസ്വീ യാദവ് കഴിഞ്ഞ ദിവസം വിമർശിച്ചത്. ജനപ്രീതിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന ശ്രമങ്ങൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നമസ്കാര ഇടവേള റദ്ദാക്കിയത് തൻ്റെ മാത്രം തീരുമാനമല്ലെന്നും, നിയമസഭയിലെ എല്ലാ എംഎൽഎമാരും ചേർന്നുള്ള കൂട്ടായ തീരുമാനമാണെന്നും തേജസ്വീ യാദവിൻ്റെ വിമർശനത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സ്പീക്കർ വെള്ളിയാഴ്ച അസംബ്ലിയിൽ ഇത് സംബന്ധിച്ച ഉത്തരവിറക്കുമ്പോൾ 126ൽ 25 എംഎൽഎമാർ മുസ്ലീം മതവിഭാഗത്തിൽ പെട്ടവരായിരുന്നു. എന്നാൽ, ആരും ഇതിനെതിരെ ശബ്ദമുയർത്തിയില്ല എന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തേജസ്വീ യാദവ് കാപട്യക്കാരനാണെന്നും, ബീഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് നാല് മണിക്കൂർ ഇടവേള നൽകാമായിരുന്നില്ലേയെന്നും ഹിമന്ത ബിശ്വ ശർമ തുറന്നടിച്ചു. ഇടവേള ഇല്ലാതാക്കിയതോടെ നിയസഭ കൂടുതൽ കാര്യക്ഷമമായി ഇനി പ്രവർത്തിക്കുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച സ്പീക്കർ ബിശ്വജിത് ദൗമറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു മുസ്‌ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അനുവദിക്കുന്ന നിലപാട് അസം സർക്കാർ നിർത്തലാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com