"ശത്രുവിനെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുക"; പാകിസ്ഥാനി മിറാഷിനെ തകർത്തെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്
"ശത്രുവിനെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുക"; പാകിസ്ഥാനി മിറാഷിനെ തകർത്തെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
Published on

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനി മിറാഷ് യുദ്ധവിമാനം വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് ഇന്ത്യ. വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. വീഡിയോയിൽ ഇന്ത്യ തകർത്തിട്ട മിറാഷിന്റെ അവശിഷ്ടങ്ങൾ കാണാം.

പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) യുദ്ധവിമാനമായ മിറാഷ് കഷണങ്ങളായി തകർന്നുവീഴുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണാൻ കഴിയുന്നത്. 'ശത്രുവിനെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുക' എന്ന തലക്കെട്ടോടെ പ്രദർശിപ്പിച്ച വീഡിയോയിൽ ജെറ്റിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നുണ്ട്.

പാകിസ്ഥാനെതിരായ സൈനിക പോരാട്ടത്തിനിടെ പാക് വ്യോമസേനയുടെ ചില ഹൈടെക് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടതായി ഞായറാഴ്ച നടന്ന സായുധ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ എയർ മാർഷൽ എ.കെ. ഭാരത് പറഞ്ഞിരുന്നു. ഇതിൽ മിറാഷ് ഉൾപ്പെട്ടിരുന്നെന്ന്  സ്ഥിരീകരണം ഉണ്ടായിരുന്നില്ലെങ്കിലും, ഇന്ന് പ്രദർശിപ്പിച്ച വീഡിയോയിൽ മിറാഷ് തകരുന്നത് വ്യക്തമായി കാണാം. ഫ്രഞ്ച് കമ്പനിയായ  ദസ്സോൾട്ട് ഏവിയേഷനാണ് പാകിസ്ഥാൻ മിറാഷിൻ്റെ നിർമാതാക്കൾ.

തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് മികച്ച പ്രകടനം കാഴ്ച വെച്ചതായും വൈസ് മാർഷൽ എ.കെ. ഭാരതി പറഞ്ഞു. ഇന്ത്യൻ ഗവൺമെൻ്റ് നൽകിയ നയപരമായ പിന്തുണയും, ധനസഹായവും കൊണ്ട് മാത്രമാണ് ശക്തമായ വ്യോമ പ്രതിരോധം സാധ്യമാക്കാൻ സേനയ്ക്ക് കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പാകിസ്ഥാനിലെ നൂര്‍ഖാന്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നതിന്റെ വീഡിയോയും തകർത്ത പാക് ആയുധങ്ങളുടെ ചിത്രങ്ങളും സേന പ്രദർശിപ്പിച്ചു. പാക് സൈന്യം ഇന്ത്യക്ക് നേരെ തൊടുത്ത ചൈനീസ് നിർമിത PL-15 മിസൈലുകൾ ഇന്ത്യ ചിന്നഭിന്നമാക്കി. സ്വയം നിയന്ത്രിത വ്യോമായുധങ്ങളും പാക് സൈന്യം പ്രയോഗിച്ചിരുന്നു. തോളിൽ വച്ചുതൊടുക്കുന്ന മോർട്ടാറുകൾ കൊണ്ടുവരെയാണ് ഇന്ത്യൻ സൈനികർ അവ വെടിവെച്ചിട്ടത്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലും, മൾട്ടി ലേയേർഡ് എയർ ഡിഫൻസ് സിസ്റ്റവും ഉപയോഗിച്ച് ഇന്ത്യ പാക് നീക്കങ്ങളെ തകർത്തെന്നും മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചു.

ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിലേറെയും ചൈനീസ് നിർമിതമായിരുന്നെന്നും മാര്‍ഷല്‍ എ.കെ. ഭാരതി വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധം തകർക്കാൻ ഒരു ഘട്ടത്തിലും പാകിസ്ഥാന് കഴിഞ്ഞില്ല. ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനുണ്ടായത് ഏറ്റവും കുറഞ്ഞ നഷ്ടം മാത്രമാണ്. മൂന്ന് സേനാവിഭാഗങ്ങളും അങ്ങേയറ്റം ഒത്തിണക്കത്തോടെ സൈനിക നടപടിയിൽ പങ്കെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com