ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ 'കുറ്റക്കാര്‍'; 'ആജീവനാന്ത ശിക്ഷ' വിധിച്ച് യു.പി പൊലീസ്

BOW(LED) To Brilliance എന്ന പേരിലായിരുന്നു യു.പി പൊലീസ് ആശംസ എക്സില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരംകൊണ്ട് അത് വൈറലാവുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ 'കുറ്റക്കാര്‍'; 'ആജീവനാന്ത ശിക്ഷ' വിധിച്ച് യു.പി പൊലീസ്
Published on

കുട്ടിക്രിക്കറ്റിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്മാരായ ഇന്ത്യ, 17 വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുന്നു. 2007ലായിരുന്നു ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരാകുന്നത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം, 2011ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പും, 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.പിന്നീടൊരു ഐസിസി കിരീടം ഇന്ത്യക്ക് നേടാന്‍ സാധിച്ചിരുന്നില്ല. 2014ല്‍ ടി20 ലോകകപ്പിലും, 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും, 2023ല്‍ ഏകദിന ലോകകപ്പിലും ഫൈനലില്‍ തോറ്റു. 11 വര്‍ഷത്തെ ആ കിരീടവരള്‍ച്ചയ്ക്കാണ് ഇന്നലെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ മൈതാനത്ത് അന്ത്യമായത്.

ടീമിനൊപ്പം രാജ്യമാകെ ആഘോഷത്തിലാണ്. ത്രിവര്‍ണ പതാകയുമായി ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യന്‍ തെരുവുകള്‍ കൈയ്യടക്കിയപ്പോള്‍, സാമുഹ്യമാധ്യമങ്ങളിലും അത് പ്രതിഫലിച്ചു. അഭിനന്ദന സന്ദേശങ്ങളും ആഘോഷ ദൃശ്യങ്ങളുംകൊണ്ട് സാമുഹ്യമാധ്യമങ്ങള്‍ നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ഇന്ത്യന്‍ ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. പഴയ ക്രിക്കറ്റ് താരങ്ങള്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ ടി20 ലോകകീരിടം നേടിയ ഇന്ത്യന്‍ സംഘത്തിന് ആശംസകളറിയിച്ചു.

അതിനിടെ, ഉത്തര്‍പ്രദേശ് പൊലീസിന്റെ ആശംസ വേറിട്ടുനിന്നു. ദക്ഷിണാഫ്രിക്കക്കാരുടെ ഹൃദയങ്ങള്‍ ബ്രേക്ക് (തകര്‍ത്തതില്‍) ചെയ്തതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നായിരുന്നു യു.പി പൊലീസ് എക്സില്‍ കുറിച്ച ബ്രേക്കിങ് ന്യൂസ്. തൊട്ടുതാഴെ അതിനുള്ള ശിക്ഷയും (സെന്‍റന്‍സ്) കുറിച്ചിരുന്നു. അതൊരു 'ജീവപര്യന്തം' ശിക്ഷയായിരുന്നു. നൂറുകോടിയോളം ആരാധകരില്‍ നിന്നുള്ള ആജീവനാന്ത സ്നേഹം ആയിരുന്നു യു.പി പൊലീസ് നല്‍കിയ ശിക്ഷ. BOW(LED) To Brilliance എന്ന പേരിലായിരുന്നു യു.പി പൊലീസ് ആശംസ എക്സില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരംകൊണ്ട് അത് വൈറലാവുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com