മ്യാൻമറിനായി ഇന്ത്യയുടെ കൈത്താങ്ങ്; 442 മെട്രിക് ടൺ ഭക്ഷ്യസഹായം കൈമാറി

മ്യാൻമറിലെ ദുരിതബാധിത ജനതയുടെ അടിയന്തര ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉദ്ദേശിച്ചുള്ളതാണ് ഇവയെല്ലാം എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
മ്യാൻമറിനായി ഇന്ത്യയുടെ കൈത്താങ്ങ്; 442 മെട്രിക് ടൺ ഭക്ഷ്യസഹായം കൈമാറി
Published on

ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യ. മ്യാൻമറിനായി ഇന്ത്യ 442 മെട്രിക് ടൺ ഭക്ഷ്യസഹായം കൈമാറി. ഭൂകമ്പത്തെ തുടർന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ (SAR), മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവയുൾപ്പെടെ ആവശ്യമായ പിന്തുണ നൽകുന്നതിനായി ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ എന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു. ദുരന്തം നടന്ന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ മ്യാൻമറിനായി മാനുഷിക സഹായം, ദുരന്ത നിവാരണ സാമഗ്രികൾ തുടങ്ങിയവയുടെ ആദ്യ ഗഡു എത്തിച്ച് നൽകിയിരുന്നു.

ഇതിനുപിന്നാലെയാണ് ഇന്തയിൽ നിന്നും 405 മെട്രിക് ടൺ അരി, 30 മെട്രിക് ടൺ പാചക എണ്ണ, 5 മെട്രിക് ടൺ ബിസ്‌ക്കറ്റ്, 2 മെട്രിക് ടൺ ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ ഉൾപ്പെട്ട ഭക്ഷ്യസഹായം മ്യാൻമറിലേക്ക് എത്തിച്ചുനൽകിയത്. മ്യാൻമറിലെ ദുരിതബാധിത ജനതയുടെ അടിയന്തര ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉദ്ദേശിച്ചുള്ളതാണ് ഇവയെല്ലാം എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇന്ത്യയും മറ്റ് ക്വാഡ് പങ്കാളി രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവയും മ്യാൻമർ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 മില്യൺ യുഎസ് ഡോളറിലധികം മാനുഷിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുമെന്നും അടിയന്തര മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുമെന്നും വാഗ്ദാനത്തിലുൾപ്പെടുന്നു.

മാർച്ച് 28ന് ഉച്ചയോടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണം 3000 കടന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.



മ്യാൻമറിലുണ്ടായ ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്നായിരുന്നു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റിൻ്റെ പ്രതികരണം. ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്നും ഫീനിക്സ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com