
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. നയതന്ത്രതലത്തിൽ ബന്ധം വിച്ഛേദിക്കാൻ ആലോചന.സൈനികനടപടിയും ഇന്ത്യയുടെ പരിഗണനയിലുണ്ട് ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ സൈയ്ഫുള്ള കസൂരിയെ വിട്ടുനൽകാനും ഇന്ത്യ ആവശ്യപ്പെടും. പാക് സൈനിക മേധാവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും ഇന്ത്യ പ്രതിഷേധം അറിയിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായകമായെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാകും ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.
അതേസമയം, ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം. പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സായുധ സേനാ തലവന്മാർ എന്നിവരാണ് യോഗം ചേർന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്.
കര, വ്യോമ, നാവിക സേനകൾ എന്തിനും സജ്ജമായിരിക്കണം. രാജ്യത്തെമ്പാടും ജാഗ്രത പാലിക്കാനും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ കഴിയാതിരുന്നത് സംബന്ധിച്ചും സൈന്യത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്ത്യമോപാചാരം അർപ്പിച്ചു. ഭീകരാക്രമണം ഉണ്ടായ പഹൽഗാമിലെ ബൈസരൺ വാലിയിലും അമിത് ഷാ സന്ദർശനം നടത്തി. അതീവസുരക്ഷയിലായിരുന്നു അമിത് ഷാ പഹൽഗാമിലെത്തിയത്. ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട് മടക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സൈനികസുരക്ഷയിലാണ് ജമ്മുകശ്മീർ.