
ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. 40 വർഷത്തിനിടെ ഇരുപതിനായിരം ഇന്ത്യക്കാർ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ചൂണ്ടിക്കാട്ടി. പഹൽഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധുജല കരാറിനെ സംബന്ധിച്ച് പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാക് ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് സിന്ധുജല കരാർ റദ്ദാക്കിയതെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളെ അറിയിച്ചു. 'ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ' പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു. 'ജലം യുദ്ധോപകരണമല്ല, ജീവനാണ്' എന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രതിനിധി കരാറിനെപ്പറ്റി പരാമർശിച്ചപ്പോഴായിരുന്നു പർവ്വതനേനി ഹരീഷിന്റെ പ്രതികരണം.
ഉയർന്ന നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ഹരീഷ് പറഞ്ഞു. പാകിസ്ഥാന്റെ വാദങ്ങളെ തുറന്നുകാട്ടുന്ന നാല് കാര്യങ്ങൾ ഐക്യരാഷ്ട്ര സഭയിൽ എടുത്തുകാട്ടിയതായും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഒന്നാമതായി, പാകിസ്ഥാനെ വിശ്വാസത്തിലെടുത്ത് ഇന്ത്യ സിന്ധുജല കരാറിൽ ഏർപ്പെട്ടപ്പോഴും മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്ഥാൻ ആ കരാറിന്റെ ആത്മാവിനെ ലംഘിച്ചുവെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ 20,000 ഇന്ത്യക്കാരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഡാമുകളിൽ വരുത്തേണ്ട അടിസ്ഥാനപരമായ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളും പാകിസ്ഥാൻ നിരന്തരം തടഞ്ഞുവരികയാണെന്നാണ് രണ്ടാമതായി ഇന്ത്യ ഉന്നയിച്ചത്. 2012ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതി പോലും തീവ്രവാദികൾ ആക്രമിച്ചതായി ഹരീഷ് പറഞ്ഞു. മൂന്നാമതായി ഇന്ത്യ മുന്നോട്ട് വെച്ചത് കരാർ പരിഷ്കരിക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾക്ക് പാകിസ്ഥാൻ വിലങ്ങുതടിയാവുന്നു എന്ന വാദമാണ്. ഇന്ത്യയുടെ നിയമപരമായ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിനും പാകിസ്ഥാൻ തടസവാദങ്ങൾ നിരത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദത്തിന്റെ ആഗോള പ്രഭവകേന്ദ്രമായ പാകിസ്ഥാനുമായുള്ള സിന്ധുജല കരാർ നിർത്തിവെയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും നാലാമതായി ഹരീഷ് കൂട്ടിച്ചേർത്തു.
1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കറാച്ചിയില്‍ വെച്ചാണ് സിന്ധു ജല ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായി 64 വര്‍ഷത്തിലധികമായി ഏർപ്പെട്ടിരുന്ന ഈ കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയത്. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്കിന്‍റെ മധ്യസ്ഥതയിലാണ് ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.