
ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായ ഹസ്തവുമായി ഇന്ത്യ. മ്യാൻമറിനെ സഹായിക്കാനായി ഓപ്പറേഷൻ ബ്രഹ്‌മ എന്ന പേരിൽ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തി. സി-130 ജെ വിമാനമാണ് സഹായ സാമഗ്രികളുമായി മ്യാൻമറിലെത്തിയത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഓപ്പറേഷൻ ബ്രഹ്‌മയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. മ്യാന്‍മറിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യ ഏറ്റവും ആദ്യം തന്നെ പ്രവര്‍ത്തിക്കുമെന്ന് രൺധീർ ജയ്‌സ്വാൾ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായത്തില്‍ മ്യാന്‍മറിലെത്തിയത്.
അടിയന്തര മാനുഷിക സഹായത്തിന്റെ ആദ്യ ഗഡു മ്യാൻമർ ജനതയ്ക്കായി ഇന്ത്യ നൽകിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ ദുരന്തര നിവാരണസേനാ ടീമും മ്യാന്‍മറിലെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും, ആവശ്യമായ സഹായം ഇന്ത്യ നല്‍കുമെന്നും എസ്.ജയ്ശങ്കര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചൈനയും മ്യാന്‍മറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1002 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 2,376 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് പേർ ഭൂകമ്പത്തിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന റിപ്പോർട്ട്. ഇന്നലെ അർധരാത്രിയോടെ മ്യാൻമറിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സൈനിക നേതൃത്വമാണ് മരണസംഖ്യ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മണ്ടാലെ നഗരത്തിൽ നിന്ന് മാത്രം 694 മരിച്ചതായി സൈനിക നേതൃത്വം റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തിൻ്റെ ഉഭവകേന്ദ്രത്തിൻ്റെ തൊട്ടടുത്തുള്ള പ്രദേശമായ മണ്ടാലെ നഗരം, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്. തലസ്ഥാനമായ നയ്പിഡാവിൽ 94 പേരും ക്യാക് സെയിൽ 30 പേരും സാഗൈങ്ങിൽ 18 പേരും മരിച്ചു.