
ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 229 റണ്‍സ് വിജയലക്ഷ്യം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ എല്ലാവരും പുറത്തായി. തുടക്കം പാളിയെങ്കിലും, മധ്യനിരയില്‍ തൗഹിദ് ഹൃദോയിയും ജാകെര്‍ അലിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടതോടെ, പവര്‍ പ്ലേയില്‍ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീണിരുന്നു. എന്നാല്‍, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സംഘവും ഫീല്‍ഡില്‍ വരുത്തിയ പിഴവാണ് ഹൃദോയിയും അലിയും മുതലെടുത്തത്. അലി നല്‍കിയ ക്യാച്ച് രോഹിതും ഹൃദോയി നല്‍കിയ ക്യാച്ച് ഹര്‍ദിക് പാണ്ഡ്യയും വിട്ടുകളഞ്ഞതായിരുന്നു കളിയിലെ വഴിത്തിരിവ്. സെഞ്ചുറിയുമായി ഹൃദോയിയും അര്‍ധ സെഞ്ചുറിയുമായി അലിയും കളം നിറയുകയായിരുന്നു.
സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോഴാണ് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാര്‍ പൂജ്യത്തിന് പുറത്തായി. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ പിടിക്കുകയായിരുന്നു. അടുത്തത് ഹര്‍ഷിത് റാണയുടെ ഊഴമായിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ നജ്‌മല്‍ ഹൊസൈന്‍ ഷാന്റോ പുറത്ത്. കോഹ്ലിക്കായിരുന്നു ക്യാച്ച്. രണ്ട് പന്ത് നേരിട്ട ഷാന്റോയ്ക്കും സ്കോര്‍ ബോര്‍ഡ് തുറക്കാനായിരുന്നില്ല. രണ്ടിന് രണ്ട് എന്ന നിലയില്‍ ബംഗ്ലാദേശ് വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ടു. ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരറ്റത്ത് റണ്‍സ് കണ്ടെത്തുമ്പോഴും മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. ഷാന്റോയ്ക്ക് പിന്നാലെയെത്തിയ മെഹിദി ഹസന്‍ മിറാസിനെ ഷമി മടക്കി. 10 പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്ത മിറാസിനെ പന്തിന്റെ പന്തില്‍ ശുഭ്‌മാന്‍ ഗില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഏഴ് ഓവര്‍ എത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 26 എന്ന നിലയിലായി ബംഗ്ലാദേശ്.
ഒന്‍പതാം ഓവറില്‍ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീണു. രണ്ടാം പന്തില്‍ ഓപ്പണര്‍ തന്‍സിദ് ഹസനെ അക്സര്‍ പട്ടേല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 25 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സെടുത്ത് ഹസന്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ മുഷ്‍ഫിഖര്‍ റഹീം വന്നപോലെ മടങ്ങി. രാഹുലിന് തന്നെയായിരുന്നു ക്യാച്ച്. അടുത്ത പന്തില്‍ ജാകെര്‍ അലിയും ക്യാച്ച് നല്‍കി, പക്ഷേ ഫസ്റ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മ വിട്ടുകളഞ്ഞതോടെ അക്സറിന് അര്‍ഹമായ ഹാട്രിക് നഷ്ടമായി. പവര്‍ പ്ലേയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് 35 റണ്‍സ് എന്ന നിലയിലായി. അവിടെ നിന്ന് തൗഹിദ് ഹൃദോയിയും ജാകെറും ചേര്‍ന്നാണ് ബംഗ്ലാദേശിനെ രക്ഷിച്ചെടുത്തത്.
രോഹിതിന്റെയും പാണ്ഡ്യയുടെയും പിഴവാണ് ബംഗ്ലാദേശ് ഇന്നിങ്സിന് തുണയായത്. ആദ്യ പന്തില്‍തന്നെ കിട്ടിയ ലൈഫ് ജാക്കെര്‍ അലി അക്ഷരാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തി. ഹൃദോയിക്കൊപ്പം വളരെ ശ്രദ്ധയോടെ കളിച്ചു മുന്നേറിയ അലി കരിയറിലെ രണ്ടാം ഏകദിന അര്‍ധ സെഞ്ചുറി കുറിച്ചു. 43-ാം ഓവറില്‍ ഷമിയുടെ പന്തില്‍ കോഹ്‍ലി ക്യാച്ചെടുത്താണ് അലി പുറത്താകുന്നത്. 114 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 68 റണ്‍സാണ് അലി സ്വന്തമാക്കിയത്. അലി പുറത്താകുമ്പോള്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു.
ഇരുപതാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തിലാണ് ഹൃദോയിയെ പാണ്ഡ്യ മിഡ് ഓഫില്‍ വിട്ടുകളഞ്ഞത്. അവിടെ നിന്ന് ഹൃദോയി ബംഗ്ലാ ഇന്നിങ്സ് ചുമലിലേറ്റി. 113 പന്തില്‍ ഹൃദോയി ഏകദിനത്തിലെ കന്നി സെഞ്ചുറി സ്വന്തമാക്കി. ചാംപ്യന്‍സ് ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഒന്‍പതാമത്തെ താരവുമായി. അവസാന ഓവറിലെ നാലാം പന്തിലാണ് ആ ഇന്നിങ്സ് അവസാനിച്ചത്. 118 പന്തില്‍ 100 റണ്‍സുമായി നിന്ന ഹൃദോയിയെ റാണ ഷമിയുടെ കൈയിലെത്തിക്കുകയായിരുന്നു. റിഷാദ് ഹൊസൈന്‍ (18), തന്‍സിം ഹസന്‍ സാകിബ് (0), തസ്കിന്‍ അഹ്മദ് (3), മുസ്തഫിസുര്‍ റഹ്മാന്‍ (പുറത്താകാതെ 0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍.
ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. അതിവേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും, ഏറ്റവും കുറഞ്ഞ ബോളുകളില്‍നിന്ന് 200 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും ഷമി സ്വന്തമാക്കി. പരിക്കേറ്റ ബുമ്രയ്ക്കു പകരം ടീമിലിടം പിടിച്ച ഹര്‍ഷിത് റാണ മൂന്നും, അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും നേടി.