ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ കൗണ്ടികൾ; ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുന്നതിനെ കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും അറിയിച്ചിട്ടുണ്ടെന്നും എംഇഎ വക്താവ് പറഞ്ഞു
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ കൗണ്ടികൾ; ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ
Published on

ലഡാക്കിൽ അനധികൃതമായി കൗണ്ടികൾ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ത്യ. കൗണ്ടികൾ സ്ഥാപിച്ച ഭാഗങ്ങൾ പ്രദേശങ്ങൾ ഇന്ത്യയുടെ കീഴിൽ ആണെന്നും, അത് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൻ്റെ പരിധിയിലാണ് വരുന്നതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രണധീർ ജയ്‌സ്വാൾ പറഞ്ഞു. ചൈനീസ് അധിനിവേശം ഒരിക്കലും അംഗീകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോട്ടാൻ പ്രിഫെക്ചറിൻ്റെ കീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സെൻട്രൽ കമ്മിറ്റിയും സ്റ്റേറ്റ് കൗൺസിലും ചേർന്ന് രണ്ട് പുതിയ കൗണ്ടികൾക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇങ്ങനെ നിർമിക്കപ്പെടുന്ന കൗണ്ടികൾ തീർത്തും ഇന്ത്യൻ അധീനതയിൽ വരുന്ന പ്രദേശങ്ങളിലാണ്. ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായ നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നൽകില്ലെന്നും, ചൈനയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു.



കൂടാതെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുന്നതിനെ കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും അറിയിച്ചിട്ടുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു. ടിബറ്റ് സ്വയംഭരണ മേഖലയിലെ യാർലുങ് സാങ്പോ നദിയിൽ ചൈന ഒരു ജലവൈദ്യുത പദ്ധതി നിർമിക്കുന്നതായി ഡിസംബർ 25ന് സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.

ബ്രഹ്മപുത്രയുടെ താഴേത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഹാനികരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ നിരീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നും രണധീർ ജയ്‌സ്വാൾ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com