ചാംപ്യന്‍സ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയില്‍ ആദ്യ എതിരാളി ബംഗ്ലാദേശ്

2013ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ഏകദിനത്തില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല
ചാംപ്യന്‍സ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയില്‍ ആദ്യ എതിരാളി ബംഗ്ലാദേശ്
Published on



ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം. ഏകദിനത്തിലെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ കൂടി ലക്ഷ്യമിട്ടാകും ഇന്ത്യയുടെ പോരാട്ടം. 2013ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ഏകദിനത്തില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ കലാശപ്പോരില്‍ പാകിസ്താനോടും, ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റിരുന്നു. 2023ല്‍ ഏഷ്യന്‍ കപ്പ് ജയിച്ച ഇന്ത്യ, നിലവിലെ ടി20 ചാംപ്യന്മാരാണ്. 

ഏകദിനത്തില്‍ ഇരുടീമും 41 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 32 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. എട്ട് കളികള്‍ ബംഗ്ലാദേശ് ജയിച്ചപ്പോള്‍, ഒരെണ്ണം ഫലമില്ലാതായി. 2023ലായിരുന്നു അവസാനമായി ഏറ്റുമുട്ടിയത്. അന്നും ജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍, അവസാന അഞ്ച് മത്സരങ്ങളുടെ കണക്കെടുത്താല്‍, ബംഗ്ലാദേശിന് മൂന്ന് ജയം സ്വന്തമാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2017ല്‍ സെമി ഫൈനലിലായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി.

ഇന്നത്തെ മത്സരത്തില്‍ ഒരുപിടി റെക്കോഡുകള്‍ പിറക്കാനും സാധ്യതയുണ്ട്. ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന നേട്ടമാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. ചരിത്രനേട്ടം സ്വന്തമാക്കാന്‍ 37 റണ്‍സ് കൂടി വേണം. സച്ചിന്‍ തെണ്ടുല്‍ക്കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബാറ്ററും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാകും കോഹ്ലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426), കുമാര്‍ സംഗക്കാര (14,234) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

12 റണ്‍സ് കൂടി നേടിയാല്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മ 11,000 റണ്‍സ് ക്ലബ്ബിലെത്തും. ഏകദിനത്തില്‍ ആ നാഴികക്കല്ല് താണ്ടുന്ന പത്താമത്തെ ബാറ്ററും, നാലാമത്തെ ഇന്ത്യക്കാരനുമാകും രോഹിത്. ഈ നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന രണ്ടാമത്തെ ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കാം. 260 ഏകദിന മത്സരങ്ങളാണ് രോഹിത് ഇതുവരെ കളിച്ചിട്ടുള്ളത്. 276 മത്സരങ്ങളില്‍നിന്ന് നേട്ടം സ്വന്തമാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കറെയാകും രോഹിത് മറികടക്കുക. 222 മത്സരങ്ങളില്‍നിന്ന് നേട്ടത്തിലെത്തിയ വിരാട് കോഹ്‍ലിയാണ് പട്ടികയില്‍ ഒന്നാമത്.

ഏകദിനത്തില്‍ വേഗത്തില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന വിശേഷണമാണ് മുഹമ്മദ് ഷമിയെ കാത്തിരിക്കുന്നത്. 102 മത്സരങ്ങളില്‍നിന്ന് 197 വിക്കറ്റാണ് ഷമിക്ക് സ്വന്തം. 133 മത്സരങ്ങളില്‍നിന്ന് 200 വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറിന്റെ റെക്കോഡാകും പഴങ്കഥയാകുക.

ബംഗ്ലാദേശിന്റെ മുഷ്‌ഫിഖര്‍ റഹീമിനെയും ഒരു റെക്കോഡ് കാത്തിരിപ്പുണ്ട്. നാല് ഇരകളെ കൂടി കിട്ടിയാല്‍, ഏകദിനത്തില്‍ 300 പേരെ പുറത്താക്കിയ അഞ്ചാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാകും മുഷ്‌ഫിഖര്‍ റഹീമിന് കിട്ടുക. കുമാര്‍ സംഗക്കാര (482), ആദം ഗില്‍ക്രിസ്റ്റ് (472), മഹേന്ദ്ര സിംഗ് ധോനി (444), മാര്‍ക്ക് ബൗച്ചര്‍ (424) എന്നിവരാണ് റഹീമിന് മുന്നിലുള്ളവര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com