ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് ഇടക്കാല പരിഹാരം; നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും പിൻമാറും

പുതിയ തീരുമാനം വന്നതോടെ നാലു വർഷമായിട്ടും പരിഹാരമാകാത്ത വിഷയമാണ് ഇപ്പോൾ ഒത്തുതീർപ്പായത്
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് ഇടക്കാല പരിഹാരം; നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും പിൻമാറും
Published on

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ചൈനയുമായി ധാരണയിൽ എത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.പട്രോളിങ് ഇരുരാജ്യങ്ങളും പുനരാരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. അതിർത്തികടന്ന് പരസ്പരം പ്രകോപനമുണ്ടാക്കില്ല. ഇതോടെ 2020 മുതൽ പ്രദേശത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കപ്പെടുകയാണെന്ന് വിക്രം മിസ്രി കൂട്ടിച്ചേർത്തു.

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ റഷ്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിംഗുമായി ബന്ധപ്പെട്ടാണ് കരാറെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. നാളെ റഷ്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ – ചൈന ഉഭയകക്ഷി ചർച്ചകൾ നടക്കുമോ എന്ന സാധ്യത തള്ളിക്കളയാനാവില്ല.

ഉച്ചകോടിക്കിടെ നരേന്ദ്ര മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച നടക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആ കാര്യത്തിൽ ഇപ്പോഴും അവ്യക്ത തുടരുകയാണ്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഇരുപക്ഷത്തേയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ നാലു വർഷമായിട്ടും പരിഹാരമാകാത്ത വിഷയമാണ് ഇപ്പോൾ ഒത്തുതീർപ്പായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com