ബോർഡർ-ഗവാസ്കർ ട്രോഫി: ബോക്സിങ് ഡേ ടെസ്റ്റ് നാളെ മുതൽ, ഇന്ത്യക്ക് സന്തോഷ വാർത്ത

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ, ഇരു ടീമുകൾക്കും അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകമാണ്
ബോർഡർ-ഗവാസ്കർ ട്രോഫി: ബോക്സിങ് ഡേ ടെസ്റ്റ് നാളെ മുതൽ, ഇന്ത്യക്ക് സന്തോഷ വാർത്ത
Published on


ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിന് നാളെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാൻ, ഇരു ടീമുകൾക്കും അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകമാണ്. അതേസമയം ബോക്‌സിങ് ഡേ ടെസ്റ്റിലെ ആധിപത്യം തുടരാനാണ് ഓസീസ് മെൽബണിലിറങ്ങുന്നത്.

ഇന്ത്യയെ സംബന്ധിച്ച് മെൽബൺ ഗ്രൗണ്ടിലെ റെക്കോർഡ് മികച്ചതല്ല. പക്ഷേ മെൽബണിലെ അവസാന ടെസ്റ്റിൽ നേടിയ ജയം ആശ്വാസം പകരുന്നതാണ്. അതിനിടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓൾറൗണ്ടർ തനുഷ് കൊട്ടിയനെ ഉള്‍പ്പെടുത്തി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര്‍. അശ്വിന് പകരമാണ് താരത്തെ ടീമിലെത്തിച്ചത്. ഇന്ത്യൻ എ ടീമിനൊപ്പം തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. കുൽദീപിന് വിസ ലഭിക്കാത്തതിനാലാണ് തനുഷിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.

പ്രാക്ടീസ് മത്സരത്തിനിടെ പരുക്കേറ്റ രോഹിത് നാലാം ടെസ്റ്റിൽ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നായകൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഓസീസ് നിരയിൽ ഓപ്പണറായി സാം കോൺസ്റ്റാസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ ട്രാവിസ് ഹെഡ് കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

എന്താണ് 'ബോക്സിങ് ഡേ'?

പഴയ ബ്രിട്ടീഷ് അധീനതയിലായിരുന്ന ചില കോമൺവെൽത്ത് രാജ്യങ്ങളിൽ ക്രിസ്മസിൻ്റെ തൊട്ടടുത്ത ദിവസം 'ബോക്‌സിങ് ഡേ' എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ ക്രിസ്മസിനോടനുബന്ധിച്ച് പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സമ്മാനപ്പൊതികൾ നൽകും. ക്രിസ്മസ് ബോക്‌സ് സമ്മാനങ്ങൾ നൽകുന്ന ദിവസമായതിനാലാണ് ഈ ദിവസം 'ബോക്‌സിങ് ഡേ' എന്നറിയപ്പെടുന്നത്. ഇതുവരെ ഒമ്പത് ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. രണ്ട് തവണ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. അഞ്ച് തവണ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിലായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com