
ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം വീറുറ്റ പോരാട്ടം കാഴ്ചവെച്ച് ഇരു ടീമുകളും. രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്ലി (6) എന്നിവരെ തുടക്കത്തിലേ മടക്കി ബംഗ്ലാ കടുവകൾ ഇന്ത്യക്ക് അപായഭീഷണി മുഴക്കിയിരുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പേരുകേട്ട മുൻനിര ഒരു ഘട്ടത്തിൽ 34/3 എന്ന നിലയിൽ തകർന്നിരുന്നു.
ബംഗ്ലാദേശി പേസർ ഹസൻ മഹ്മൂദാണ് ഇന്ത്യക്ക് വെല്ലുവിളിയായത്. ആദ്യ സെഷനിൽ പിച്ചിൽ നിന്ന് ലഭിച്ച ആനുകൂല്യം മുതലെടുത്ത് നാല് മുൻനിര വിക്കറ്റുകളാണ് ഹസൻ വീഴ്ത്തിയത്. 18 ഓവറിൽ 58 റൺസ് വഴങ്ങിയാണ് രോഹിത്, ഗിൽ, കോഹ്ലി, പന്ത് എന്നിവരെ മടക്കിയത്.
ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ആർ അശ്വിൻ 102* (112), രവീന്ദ്ര ജഡേജ 86* (117) സഖ്യമാണ് യഥാർത്ഥത്തിൽ ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. ഇരുവരും ചേർന്ന് 227 പന്തിൽ നിന്ന് 195 റൺസാണ് വാരിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ അശ്വിൻ ഹോം ഗ്രൗണ്ടിലെ കാണികളെ അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിച്ചു. 108 പന്തിൽ നിന്നായിരുന്നു ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറി താരം പൂർത്തിയാക്കിയത്. ഇന്നിംഗ്സിൽ രണ്ട് സിക്സും 10 ഫോറും ഉൾപ്പെടും.
രവീന്ദ്ര ജഡേജയും ഉറച്ച പിന്തുണയാണ് അശ്വിന് നൽകിയത്. ജഡേജയ്ക്ക് രണ്ടാം ദിനം സെഞ്ചുറി തികയ്ക്കാൻ ഇനി 14 റൺസ് കൂടി മതി. താരം ഇതുവരെ രണ്ട് സിക്സും 10 ഫോറും പറത്തി. യശസ്വി ജെയ്‌സ്വാളിൻ്റെ ഫിഫ്റ്റിയും 56 (118) റിഷഭ് പന്തിൻ്റെ 39 (52) കൗണ്ടർ അറ്റാക്കുമാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ ഇരുവരും പുറത്തായ ശേഷമാണ് അശ്വിൻ-ജഡേജ സഖ്യം കളി തിരിച്ചത്. ഒടുവിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 80 ഓവറിൽ 339/6 എന്ന നിലയിൽ ബാറ്റിംഗ് തുടരുകയാണ്.