
കാൺപൂരിൽ നടക്കുന്ന പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യത്തെ മൂന്ന് ദിവസം മഴ അപഹരിച്ചെങ്കിലും നാലാം ദിനം ടോപ് ഗിയറിട്ട് കളിയെ ആവേശത്തിലാക്കിയിരിക്കുകയാണ് രോഹിത്തും സംഘവും. ബംഗ്ലാദേശിനെ ഒന്നാമിന്നിംഗ്സിൽ 233ൽ എറിഞ്ഞിട്ട ജസ്പ്രീത് ബുമ്രയും കൂട്ടരും ഇന്ത്യക്ക് ബാറ്റിങ്ങിന് വേഗത്തിൽ അവസരമൊരുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നാമത്തെ സെഷനിൽ 31.4 ഓവറിൽ 268/5 എന്ന നിലയിലാണ് ഇന്ത്യ ബാറ്റ് വീശുന്നത്. ഇന്ത്യയുടെ ലീഡ് 34 റൺസായിട്ടുണ്ട്. കെ.എൽ. രാഹുലും (66), രവീന്ദ്ര ജഡേജയുമാണ് (8) ക്രീസിൽ. മറുപടിയായി ഒന്നാമിന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്കായി സ്ഫോടനാത്മകമായ തുടക്കമാണ് നായകൻ രോഹിത് ശർമയും യശസ്വി ജെയ്സ്വാളും ചേർന്നൊരുക്കിയത്.
മൂന്ന് സിക്സും ഒരു ഫോറും സഹിതം 11 പന്തിൽ 23 റൺസെടുത്ത രോഹിത്തിനെ മെഹിദി ഹസൻ മിറാസ് ക്ലീൻ ബൗൾഡാക്കിയെങ്കിലും ഇന്ത്യൻ ബാറ്റർമാർ ആക്രമണം തുടരുക തന്നെ ചെയ്തു. ജെയ്സ്വാൾ 51 പന്തിൽ നിന്ന് 72 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ (39), വിരാട് കോഹ്ലി (47), കെ.എൽ. രാഹുൽ (52*) എന്നിവരും അതിവേഗം ഇന്ത്യയുടെ സ്കോർ ഉയർത്തി. ഷാക്കിബ് അൽഹസൻ മൂന്ന് വിക്കറ്റെടുത്തു.